പ്രകൃതി ദുരന്തം: പതിനാറര കോടിയുടെ പദ്ധതികളുമായി സിഎംസി സന്യാസിനീ സമൂഹം

സിഎംസി. സന്യാസിനീ സമൂഹം പ്രകൃതി ദുരന്തത്തില്‍പ്പെട്ടുഴലുന്ന കേരളജനതയ്ക്ക് അതിജീവനത്തിന് ശക്തിപകരാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു. പതിനാറു കോടി അമ്പത്താറു ലക്ഷം രൂപ ദുരിതം ബാധിച്ച മേഖലകളില്‍ ചെലവു ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതികളാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സിബിസിഐ, കെസി ബിസി, രൂപതകള്‍, ഇടവകകള്‍ എന്നിവയുമായി സഹകരിച്ചും ദുരിതബാധിത മേഖലകളിലുള്ള സിഎംസി പ്രോവിന്‍സുകള്‍ വഴിയുമാണ് ഈ തുക ചെലവു ചെയ്യുന്നത്. സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സേവനം ചെയ്യുന്ന 875 സിസ്റ്റേഴ്സിന്‍റെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. കേരളത്തിലുടനീളവും, കര്‍ണ്ണാടകയിലുമായി 9 ഏക്കര്‍ 15 സെന്‍റ് സ്ഥലം, സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്കായി നല്‍കുവാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

സിംഎംസി സുപ്പീരിയര്‍ ജനറല്‍ സി. സിബിയുടെ നേതൃത്വത്തില്‍ ജനറല്‍, പ്രോവിന്‍ഷ്യല്‍, റീജനല്‍ ടീമുകളുടെ സംഘാതമായ ഇടപെടലാണ് ഈ ദുരിതാശ്വസ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. പ്രളയബാധിതമേഖലകളിലുള്ള മഠങ്ങളും സ്ഥാപനങ്ങളും (76 ക്യാമ്പുകള്‍) 25,000 – ത്തില്‍ പരം സഹോദരങ്ങള്‍ക്ക് അഭയ കേന്ദ്രങ്ങളായിരുന്നു. നിരാലംബരായി കയറിവന്നവര്‍ക്ക് മഠങ്ങളും സ്ഥാപനങ്ങളും താമസവും വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. ഇടവക പള്ളികളിലും സ്ഥാപനങ്ങളിലുമുണ്ടായിരുന്ന ആയിരക്കണക്കിന് ജനങ്ങളെ സിസ്റ്റേഴ്സ് ശുശ്രൂഷിച്ചു. കേരളത്തിലെ 14 പ്രോവിന്‍സുകളിലെ സിസ്റ്റേഴ്സും ഫോര്‍മേഷനി ലായിരിക്കുന്നവരും ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കുചേര്‍ന്നു. 1200- ഓളം സിസ്റ്റേഴ്സ് ശുചീകരണത്തിന് വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി. 29 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് വീടു പണിയുന്നതിനായും പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org