പേപ്പല്‍ സന്ദര്‍ശനം: സംഘപരിവാര്‍ പച്ചക്കൊടി കാണിക്കുമോ?

പേപ്പല്‍ സന്ദര്‍ശനം: സംഘപരിവാര്‍ പച്ചക്കൊടി കാണിക്കുമോ?
Published on

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുകയും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തത് മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെ വീണ്ടും ചര്‍ച്ചാവിഷയമാക്കി. ക്ഷണം നല്‍കിയതില്‍ അഖിലേന്ത്യാ കത്തോലിക്കാമെത്രാന്‍ സംഘം സന്തോ ഷം പ്രകടിപ്പിച്ചു. 27% ക്രൈസ്തവരുള്ള സംസ്ഥാനമായ ഗോവ യുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ക്ഷണത്തെ പ്രത്യേകം പരാമര്‍ശിച്ചു.

ഇതിനു മുമ്പ് 2021 ലും മോദി മാര്‍പാപ്പയെ ഇന്ത്യാസന്ദര്‍ശനത്തിനു ക്ഷണിച്ചിരുന്നു. പക്ഷേ അതു യാഥാര്‍ത്ഥ്യമായില്ല. അതിനുശേഷം മാര്‍പാപ്പ, ഇന്ത്യയേക്കാള്‍ കുറവു ക്രൈസ്തവരുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെങ്കിലും ഇന്ത്യ പര്യടനപട്ടികയില്‍ സ്ഥാനം പിടിച്ചില്ല. ബംഗ്ലാദേശും മ്യാന്‍മാറും ശ്രീലങ്കയുമെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ച രാജ്യങ്ങളില്‍പ്പെടുന്നു. ഔപചാരികമായ ക്ഷണം കൈമാറുന്നുണ്ടെങ്കിലും ഇന്ത്യയിലെ സംഘപരിവാറിന്റെ പൂര്‍ണ്ണസമ്മതമില്ലാതെ ഇത്തരമൊരു സന്ദര്‍ശനം സാധ്യമാകില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ക്ക് ഊര്‍ജം പകരുമെന്നും അത് ആവശ്യമില്ലെന്നും കരുതുന്ന ധാരാളം പേര്‍ സംഘപരിവാറിന്റെ ഉന്നതങ്ങളിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ക്രൈസ്തവര്‍ ഗണ്യമായ തോതിലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരുടെ വോട്ടു നേടുന്നതിനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ബി ജെ പി ശ്രമിച്ചുവരുന്നുണ്ട്. ഗോവയിലും ഇപ്രാവശ്യം കേരളത്തില്‍ ഭാഗികമായും ഈ തന്ത്രങ്ങള്‍ വിജയം കണ്ടതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു വിജയിക്കാനായില്ല. ക്രിസ്ത്യന്‍ പ്രീണനത്തിനു പേപ്പല്‍ സന്ദര്‍ശനം ഉപയോഗപ്പെടുത്താമെന്നാണ് ബി ജെ പി നേതാക്കളില്‍ ചിലരുടെ കണക്കുകൂട്ടല്‍.

ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യയായ 2.8 കോടി, ചില ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോലും നിസ്സാരമായ സംഖ്യയല്ല; 140 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ 2.3% മാത്രമാണിതെങ്കിലും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org