പൊന്തിഫിക്കൽ പദവി ലബ്ധിയുടെ നൂറാണ്ടുകൾ - ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമിട്ട് ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ട്

ജ്ഞാനദീപോത്സവം : ഹൃദയങ്ങളിലും മനസ്സുകളിലും ജ്ഞാനത്തിന്റെ ദീപം തെളിയിച്ച ഒരു നൂറ്റാണ്ട് (1926 - 2026)
Published on: 
  • ഫാ. ജോ ഇരുപ്പക്കാട്ട് എസ് .എസ്.പി.

പൂനെ: പൂനെയിലെ ജ്ഞാനദീപ (JD) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് തിയോളജി, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (Pontifical Athenaeum) എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. കഴിഞ്ഞകാലത്തിന്റെ മധുരസ്മൃതികളെ കൃതജ്ഞതാപൂർവം ഓർത്തെടുത്ത്, അജ്ഞതയുടെ താഴ്വരകളിൽ അറിവിന്റെ അക്ഷരനാളം പകർന്ന ചരിത്രത്തെ “ഹൃദയങ്ങളിലും മനസ്സുകളിലും ജ്ഞാനത്തിന്റെ ദീപം തെളിയിച്ച ഒരു നൂറ്റാണ്ട്” എന്ന ദർശനവാക്യത്തിലൊതുക്കി ശതാബ്ദി ആഘോഷം - ജ്ഞാനദീപോത്സവം - ഗംഭീരമാക്കുകയാണ് ജ്ഞാനദീപ കുടുംബം. അക്കാദമിക, സാംസ്കാരിക, കായിക പരിപാടികളിലൂടെ 2026 ജൂൺ മുതൽ 2027 ഫെബ്രുവരി വരെ നീളുന്ന ആഘോഷമായാണ് ജ്ഞാനദീപോത്സവം വിഭാവനം ചെയ്തിരിക്കുന്നത്.

ചരിത്രവഴികളിലെ നാഴികക്കല്ലുകൾ

1893-ൽ ആരംഭിക്കുന്നതാണ് ജ്ഞാനദീപയുടെ ചരിത്രം. വൈദികാർത്ഥികളുടെ പരിശീലനത്തിനായി 1893-ൽ ശ്രീലങ്കയിലെ കാൻഡിയിൽ പേപ്പൽ സെമിനാരി (Papal Seminary) സ്ഥാപിച്ച ലിയോ പതിമൂന്നാമൻ മാർപ്പാപ്പ, അതിന്റെ ഭരണനിർവഹണവും നടത്തിപ്പും ഈശോസഭാ വൈദികരെ (സൊസൈറ്റി ഓഫ് ജീസസ് - ജസ്യൂട്ട്സ്) ഭരമേല്പിച്ചു. 1926 ജൂലൈ 27-നു പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ച Pontifical Charter-ലൂടെ പേപ്പൽ സെമിനാരി, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറൽ ബിരുദങ്ങൾ (Baccalaureate, Licentiate, Doctoral degrees) നൽകുന്നതിനുള്ള പൂർണ്ണ അവകാശം ഇതോടെ സ്ഥാപനത്തിനു കൈവന്നു. 1940-ൽ Congregation for Catholic Education, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമാവലിക്കു നിയതമായ അംഗീകാരം നൽകുകയും സ്വയംഭരണ അക്കാദമികസംവിധാനമായി പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു.

1955-ൽ അന്നത്തെ ജസ്യൂട്ട് സുപ്പീരിയറിന്റെ മേൽനോട്ടത്തിൽ ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടതോടെ പുതിയ അധ്യായത്തിന് തുടക്കമായി. പൂനെ റാംവാടിയിലെ De Nobili College എന്ന ജസ്യൂട്ട് സെമിനാരിക്കു സമീപം പുനഃസ്ഥാപിതമായതോടെ ഈ മഹാവിദ്യാലയത്തിന്റെ വാതായനങ്ങൾ വിവിധ രൂപതകളിലെ സെമിനാരിക്കാർക്കു മാത്രമല്ല, ഈശോസഭയിലെയും മറ്റു സന്ന്യാസസമൂഹങ്ങളിലെയും അംഗങ്ങൾക്കും വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ള അല്മായ പഠിതാക്കൾക്കുമായി തുറക്കപ്പെട്ടു.

ഇന്ത്യൻ സാഹചര്യങ്ങളിൽ വേരുറച്ചശേഷം 1972-ലാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (Pontifical Athenaeum) അതിന്റെ ഇന്നത്തെ ഭാരതീയ നാമം - “ജ്ഞാനദീപ” (ജ്ഞാനത്തിന്റെ വെളിച്ചം) - ഔദ്യോഗികമായി സ്വീകരിച്ചത്. 1893 മുതൽ ഇന്നുവരെ നീളുന്ന സമ്പന്നമായ ചരിത്രയാത്രയിൽ, വൈദികർ, സന്ന്യാസസമൂഹാംഗങ്ങൾ, അല്മായ നേതാക്കൾ എന്നിവരടങ്ങുന്ന ഏകദേശം 80,000 പണ്ഡിതരുടെ പ്രഖ്യാതമായ ശിഷ്യസമ്പത്ത് ജ്ഞാനദീപയെന്ന ഈ വിദ്യാക്ഷേത്രത്തിനു സ്വന്തമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സഭയുടെയും സമൂഹത്തിന്റെയും വ്യത്യസ്ത തലങ്ങളിൽ സേവനത്തിന്റെ മുഖങ്ങളായി ഇവർ സജീവമായി പ്രവർത്തിക്കുന്നു.

ജ്ഞാനദീപ പൂർവ്വവിദ്യാർത്ഥി സമ്മേളനം (27 - 28 നവംബർ 2026) സേവനപാതകളിൽ സ്നേഹമുദ്ര പതിപ്പിക്കാൻ പഠിപ്പിച്ച ജ്ഞാനദീപയെന്ന ആത്മവിദ്യാലയത്തിൽ നൂറാണ്ടു പിന്നിട്ട വിദ്യാർത്ഥിപ്പെരുമ ഒത്തുചേരുകയാണ് 2026 നവംബർ 27, 28 തീയതികളിൽ. ഓർമകൾ പുതുക്കിയും അനുഭവങ്ങൾ പങ്കിട്ടും ഭാവിയിലേക്കുള്ള പ്രത്യാശകൾ പകർന്നും ഒന്നുചേരുന്ന ഈ വേളയിൽ ബാംഗ്ലൂർ അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് മോസ്റ്റ് റവ. പീറ്റർ മച്ചാഡോ മുഖ്യപ്രഭാഷണം നടത്തും. ദൈവശാസ്ത്ര, അജപാലന മേഖലകളിലെ സമകാലിക വിഷയങ്ങളിലൂന്നി തുടർന്നു നടക്കുന്ന വിവിധ ചർച്ചകളിൽ മൈസൂർ രൂപത ബിഷപ്പ് മോസ്റ്റ് റവ. ഫ്രാൻസിസ് സെരാവോ എസ്.ജെ., അഗർത്തല രൂപത ബിഷപ്പ് മോസ്റ്റ് റവ. ലൂമെൻ മെണ്ടെയ്റോ സി.എസ്.സി. എന്നിവർ വിഷയാവതരണങ്ങൾ നടത്തും.

ജ്ഞാനദീപ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും ഈ സമ്മേളനത്തിന്റെ ഭാuമായി നടക്കും. ജ്ഞാനദീപ ശതാബ്ദി മഹാഘോഷം (28 നവംബർ 2026) ജ്ഞാനദീപ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാകർഷകമായ ശതാബ്ദി മഹാഘോഷ സമ്മേളനത്തിനു 2026 നവംബർ 28-നു തിരിതെളിയും. വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആന്റ് എഡ്യുക്കേഷന്റെ പ്രിഫെക്ട് കാർഡിനൽ ജോസ് ടൊലെന്റിനോ മെൻഡോസയുടെ മുഖ്യകാർമികത്വത്തിലുള്ള പരി. ബലിയർപ്പണത്തോടെ ചടങ്ങുകൾ ആരംഭിക്കും.

കാർഡിനൽ ഫിലിപ്പ് നേരി ഫെരാവോ, കാർഡിനൽ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ചുബിഷപ്പ് എലിയാസ് ഗോൺസാൽവസ്, ബിഷപ്പ് സൈമൺ അൽമേഡ തുടങ്ങി സഭാമേലധ്യക്ഷരും അക്കാദമിക വിദഗ്ധരും വിദ്യാഭ്യാസപ്രവർത്തകരും അടങ്ങുന്ന പ്രമുഖർ ആഘോഷങ്ങളുടെ ഭാഗമാകും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിനു ജ്ഞാനദീപ പ്രസിഡണ്ട് ഡോ. ഡോളിച്ചൻ കൊല്ലറേത്ത് എസ്.ജെ. സ്വാഗതമോതും. സഭയ്ക്കും സമൂഹത്തിന്നുമേകിയ നിസ്തുല സേവനങ്ങൾക്കുള്ള ആദരവായി കാർഡിനൽ ഫിലിപ്പ് നേരിക്ക് ഓണററി ഡോക്ടറേറ്റ് ഈയവസരത്തിൽ സമ്മാനിക്കും.

പൂർവ്വാധ്യാപകരെയും വിശിഷ്ടാതിഥികളെയും ആദരിക്കുന്ന ചടങ്ങുകളെത്തുടർന്ന് വർണാഭമായ കലാപരിപാടികൾ അരങ്ങേറും. ശതാബ്ദി എക്സിബിഷൻ സ്റ്റോർ ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ്.

പ്രത്യാശയോടെ ഭാവിയിലേക്ക്

അക്കാദമിക മികവിന്റെയും ആത്മീയ രൂപീകരണത്തിന്റെയും പാതകളിൽ അഭിമാനാർഹമായ ഒരു നൂറ്റാണ്ട് പിന്നിടുന്ന ജ്ഞാനദീപ, ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജ്ഞാനസംവാദങ്ങളുടെയും സേവനത്തിന്റെയും തിരിനാളമായി പ്രശോഭിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ പൈതൃകത്തെ അഭിമാനത്തോടും കൃതജ്ഞതയോടും സ്മരിച്ചുകൊണ്ട്, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അറിവിന്റെയും ക്രൈസ്തവമൂല്യങ്ങളുടെയും പാഠങ്ങൾ പകരുന്നതിനും സാഹോദര്യത്തിന്റെയും സേവനത്തിന്റെയും നവവഴികൾ തുറക്കുന്നതിനുമായി ജ്ഞാനദീപ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

logo
Sathyadeepam Online
www.sathyadeepam.org