ഫരീദാബാദ് അതിരൂപത ദേശീയ സിമ്പോസിയം സംഘടിപ്പിക്കുന്നു

Published on

ന്യൂഡൽഹി: ഫരീദാബാദ് അതിരൂപതയുടെ നേതൃത്വത്തിൽ ഗാസിയാബാദ് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ജൂലൈ 27 മുതൽ ഗാസിയാബാദ് ക്രൈസ്‌റ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച് ദേശീയ സിമ്പോസിയം സംഘടിപ്പിക്കുന്നു. ഫരിദാബാദ്, ബിജ്‌നോർ, ഗോരഖ്‌പൂർ എന്നീ രൂപതകളിലെ അഭിവന്ദ്യ മേലദ്ധ്യക്ഷന്മാരും തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്ന്യസ്‌തരും അല്‌മായ പ്രതിനിധികളും ഉൾപ്പെടെ 150 ഓളം പേർ പങ്കെടുക്കുന്ന സിമ്പോസിയം 4 ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്.

ഉത്തരേന്ത്യയിലെ സിറോ മലബാർ സഭയുടെ സാന്നിധ്യത്തെയും സിനഡാത്മക വളർച്ചയെയും അടിസ്‌ഥാനപ്പെടുത്തി നടത്തപ്പെടുന്ന സിമ്പോസിയം ജൂലൈ 28 ന് രാവിലെ ഉജ്ജയിൻ അതിരൂപത അദ്ധ്യക്ഷൻ മാർ സെബാസ്‌റ്റ്യൻ വടക്കേൽ പിതാവ് ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് വീഡിയോ സന്ദേശത്തിലൂടെ യോഗത്തോട് സംവദിക്കും. മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പോരുന്നേടം ആമുഖ പ്രഭാഷണം നടത്തും.

തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ ഫരീദാബാദ് അതിരൂപത അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗോരഖ്‌പൂർ രൂപത അദ്ധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ, ബിജ്നോർ രൂപത അദ്ധ്യക്ഷൻ മാർ വിൻസെൻ്റ് നെല്ലായിപറമ്പിൽ, സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, ബിഷപ്പ് എമിരിത്തൂസ് മാർ ജോൺ വടക്കേൽ സി.എം.ഐ., ബിഷപ്പ് എമിരിത്തൂസ് തോമസ് തുരുത്തിമറ്റം സി.എസ്‌.‌ടി., സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ, ചെറുпуഷ്‌പ സഭയുടെ പഞ്ചാബ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജോർജ് ആലുക്ക സി.എസ്.ടി, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

തുടർന്ന് റവ. ഡോ. മാർട്ടിൻ പാലമറ്റം, റവ. ഡോ. ജസ്‌റ്റിൻ വെട്ടുകല്ലേൽ എം. എസ്. ടി., റവ. ഫാ. സിറിയക് കൊച്ചാലുംങ്കൽ സി.എസ്.ടി., പ്രൊവിൻഷ്യൽ റവ. ഡോ. ബിജു വടക്കേൽ സി.എം.ഐ., സി. ബി. സി. ഐ. ലീഗൽ അഫയേഴ്‌സ് സെക്രട്ടറി റവ. സി. ആശാ പോൾ സി.എച്ച്.എഫ്, റവ. സി. സ്‌മിത എസ്.ഡി, ഡോ. ഇമ്മാനുവൽ ജോസഫ് തുടങ്ങിയ സമൂഹത്തിലെ വിവിധ ശ്രേണികളിൽ ശുശ്രൂഷ ചെയ്യുന്നവർ വിഷയങ്ങളിൽ സംസാരിക്കും. പ്രബന്ധാവതരണങ്ങൾക്ക് ശേഷം നടക്കുന്ന പാനൽ ചർച്ചകൾക്ക് ഫരീദാബാദ്, ബിജ്നോർ, ഗോരഖ്പൂർ രൂപതകളുടെ വികാരി ജനറാൾമാർ നേതൃത്വം വഹിക്കും.

ജൂലൈ 30ന് നടക്കുന്ന സമാപന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്‌ഥാനപതി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. ദേശീയ സിമ്പോസിയത്തിൻ്റെ സുഗമമായ നടത്തിപ്പിനായി ഫരീദാബാദ് അതിരൂപത ചാൻസിലർ റവ. ഡോ. മാർട്ടിൻ പാലമറ്റം ജനറൽ കൺവീനറായും റവ. ഫാ. ജിന്റോ കെ. ടോം ജോയിൻ്റ് കൺവീനർ ആയും 15 അംഗ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചതായി അതിരൂപത പി.ആർ.ഓ. അറിയിച്ചു.

സീറോ മലബാർ സഭയിൽ 2025 ഓഗസ്‌റ്റിൽ ആണ് ഫരീദാബാദ് അതിരൂപതയായി ഉയർത്തപെട്ടത്. വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളായ ഉത്തർ പ്രദേശിലെ ഗോരഖ്പൂർ, ഉത്തരാഖണ്ഡ്‌ഡിലെ ബിജ്നോർ എന്നിവയാണ് മെട്രോപൊളിറ്റൻ അതിരൂപതയുടെ സാമന്ത രൂപതകൾ. രാജ്യ തലസ്‌ഥാനത്തുള്ള ഈ അതിരൂപത വടക്കേ ഇന്ത്യയിലെ സീറോ മലബാർ സാന്നിധ്യത്തെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കാൻ ഈ നാഷണൽ സിമ്പോസിയം വഴിയൊരുക്കും. വടക്കേ ഇന്ത്യയിലെ നൂറോളം സന്യസ്‌ത സമൂഹങ്ങളുടെ സേവനങ്ങളും അൽമായ ശാക്തീകരണവും പ്രേഷിത പ്രവർത്തനങ്ങളും വിലയിരുത്തപ്പെടും.

logo
Sathyadeepam Online
www.sathyadeepam.org