
ഒഡിഷയില്‍ ജനിച്ചു വളര്‍ന്ന് ആദ്യമായി കത്തോലിക്കാ പുരോഹിതനായ ഫാ. ആന്‍സലം ഫ്രാന്‍സിസ് ബിസ്വാളിന്റെ പൗരോഹിത്യസ്വീകരണത്തിന്റെ അറുപതാം വാര്‍ഷികം ബെറാംപൂര്‍ രൂപതയില്‍ ആഘോഷിച്ചു. ഒഡിഷയിലെ സഭയെയും സമൂഹത്തെയും പല തരത്തില്‍ സഹായിച്ചയാളാണ് ഫാ. ബിസ്വാള്‍ എന്നു ബെറാംപൂര്‍ രൂപതാ ബിഷപ് ശരത്ചന്ത്ര നായിക് പറഞ്ഞു. റായ്ഗഡ് ബിഷപ് അപ്ലിനാര്‍ സേനാപതിയും സന്യാസസമൂഹമേധാവികളും അനേകം വൈദികരും ജനങ്ങളും ആഘോഷപരിപാടികളില്‍ സംബന്ധിച്ചു.
87 കാരനായ ഫാ. ബിസ്വാള്‍, ഒഡിഷയിലെ ഗഞ്ജം ജില്ലയിലാണു ജനിച്ചത്. മാതാപിതാക്കള്‍ സഭയുടെ സ്‌കൂളില്‍ അദ്ധ്യാപകാരിയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം റാഞ്ചിയിലും പുനെയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1962 ല്‍ പട്ടമേറ്റു. വിദേശത്തു നിന്നും കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ള മിഷണറിമാരാണ് അക്കാലത്ത് ഒഡിഷയിലെ സഭയില്‍ പ്രധാനമായും സേവനം ചെയ്തിരുന്നത്. ഇടവകവികാരിയായും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. തന്റെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ഇരുപതു പേര്‍ വൈദികരും ഒരാള്‍ മെത്രാനുമായെന്ന് അനുമോദനസമ്മേളനത്തില്‍ ഫാ. ബിസ്വാള്‍ പറഞ്ഞു. ഈ വൈദികരും മെത്രാനും ആഘോഷങ്ങള്‍ക്കെത്തുകയും ചെയ്തിരുന്നു. ഒഡിയ ഭാഷയില്‍ നിരവധി നാടകങ്ങളെഴുതിയിട്ടുള്ള ഫാ. ബിസ്വാള്‍ ഏതാനും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.