

ആർച്ച്ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമ്മെർടാഗിനെ (58) ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് നൺഷ്യോയായി (വത്തിക്കാൻ സ്ഥാനപതി) ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
1968 ഫെബ്രുവരി 6-ന് പോളണ്ടിലെ വിയെൻസ്ബോർക്കിൽ ജനിച്ച അദ്ദേഹം, 1993 മെയ് 30-ന് പോളണ്ടിലെ പെൽപ്ലിൻ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്രപഠനവും, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസിൽ കാനൻ നിയമവും പഠിച്ചു.
2000 ജൂലൈ 1-ന് അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു. ടാൻസാനിയ (2000–2003), നിക്കരാഗ്വ (2003–2005), ബോസ്നിയ ആൻഡ് ഹെർസഗോവിന, മോണ്ടിനെഗ്രോ (2005–2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010–2013) എന്നിവിടങ്ങളിൽ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ, രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ വിദേശകാര്യ മന്ത്രിയായ സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
2018 ഫെബ്രുവരി 15-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ആർച്ച്ബിഷപ്പായി ഉയർത്തുകയും നിക്കരാഗ്വയിലെ അപ്പസ്തോലിക് നൺഷ്യോയായി നിയമിക്കുകയും ചെയ്തു.
2022 സെപ്റ്റംബർ 6-ന് സെനഗൽ, കേപ് വെർഡെ, ഗിനിയ-ബിസാവു, മൗറിത്താനിയ എന്നീ രാജ്യങ്ങളിലെ അപ്പസ്തോലിക് നൺഷ്യോയായി നിയമിതനായ അദ്ദേഹം, ഇന്ത്യയിലേക്കുള്ള പുതിയ നിയമനം ലഭിക്കുന്നതുവരെ അവിടെ സേവനമനുഷ്ഠിച്ചു.
അപ്പസ്തോലിക് നൺഷ്യോ എന്ന നിലയിൽ, ആർച്ച്ബിഷപ്പ് സോമ്മെർടാഗ്, ഇന്ത്യയിലെ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര പ്രതിനിധിയായും, രാജ്യത്തെ കത്തോലിക്കാ സഭയിൽ മാർപാപ്പയുടെ പ്രതിനിധിയായും സേവനമനുഷ്ഠിക്കും.