മേഘാലയയിലും ബീഹാറിലും രണ്ടു പുതിയ മെത്രാന്മാര്‍

മേഘാലയയിലും ബീഹാറിലും രണ്ടു പുതിയ മെത്രാന്മാര്‍

മേഘാലയയിലെ നോംഗ്‌സ്റ്റോയിന്‍ രൂപതാധ്യക്ഷനായി ഫാ. വില്‍ബെര്‍ട് മാര്‍വീനെയും ബീഹാറിലെ ബക്‌സര്‍ രൂപതാധ്യക്ഷനായി ഫാ. ജെയിംസ് ശേഖറെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ രൂപതാധ്യക്ഷനായ ബിഷപ് ദേവദാസ് അംബ്രോസ് മരിയ ദാസിന്റെ രാജി പാപ്പ സ്വീകരിക്കുകയും ചെയ്തു.

53 കാരനായ നിയുക്ത ബിഷപ് മാര്‍വീന്‍ 2003 ലാണ് ഷില്ലോംഗ് അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. പിന്നീട്, 2006 ല്‍ അതിരൂപത വിഭജിച്ചു രൂപീകൃതമായ നോംഗ്‌സ്റ്റോയിന്‍ രൂപതയുടെ ഭാഗമായി. ഈ രൂപതയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ജന്മഗൃഹവും. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മിഷന്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 4 വര്‍ഷം നോംഗ്‌സ്റ്റോയിന്‍ രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷത്തോളം കത്തോലിക്കരുള്ള രൂപതയാണ് നോംഗ്‌സ്റ്റോയിന്‍.

ബക്‌സര്‍ രൂപതയുടെ നിയുക്ത ബിഷപ് ജെയിംസ് ശേഖര്‍ തമിഴ്‌നാട്ടിലെ പാളയംകോട്ട രൂപതയിലാണു ജനിച്ചത്. 56 കാരനായ അദ്ദേഹം ബീഹാറിലെ പട്‌ന അതിരൂപതയ്ക്കു വേണ്ടിയാണ് വൈദികനായത്. റോമിലും ഓസ്ട്രിയയിലും ഉപരിപഠനം നടത്തുകയും ഇന്‍സ്ബ്രുക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പട്‌ന ആര്‍ച്ചുബിഷപ്പിന്റെ സെക്രട്ടറിയായും ബീഹാര്‍-ജാര്‍ഖണ്ട്-ആന്‍ഡമാന്‍ മെത്രാന്‍ സംഘത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. പട്‌ന അതിരൂപത സാമൂഹ്യസേവനവിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികെയാണ് ബക്‌സര്‍ രൂപതയിലേക്കു നിയോഗിക്കപ്പെടുന്നത്. പട്‌ന അതി രൂപത വിഭജിച്ച് 2005 ലാണ് ബക്‌സര്‍ രൂപത സ്ഥാപിതമായത്. 25,000 കത്തോലിക്കരുണ്ട്. മലയാളിയായ ആര്‍ച്ചുബിഷപ് സെബാസ്റ്റ്യന്‍ കല്ലുപുരയായിരുന്നു 2008 മുതല്‍ 2018 വരെ ബക്‌സര്‍ ബിഷപ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org