സ്കൂളുകളിൽ പ്രവർത്തിക്കുന്ന വൈദികരും കന്യാസ്ത്രീകളും ബ്രദർ മാരും ലോഹയും സന്യാസ വസ്ത്രങ്ങളും മറ്റ് മതപരമായ ചിഹ്നങ്ങളും സ്കൂളിനുള്ളിൽ ധരിക്കരുതെന്ന് ഹിന്ദുത്വ തീവ്രവാദികൾ ആവശ്യപ്പെട്ടു. സ്കൂളുകളെ മതപരിവർത്തനത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതിൽ നിന്ന് ക്രിസ്ത്യൻ മിഷനറിമാരെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ ആവശ്യം ഉന്നയിച്ച ഹിന്ദു കുടുംബ സംരക്ഷണ സമിതി പ്രസിഡണ്ട് സത്യരഞ്ജൻ ബോറ പറഞ്ഞു. ക്രിസ്ത്യൻ മിഷനറിമാർ സ്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങൾ ആയി പരിവർത്തനം ചെയ്യുകയാണെന്നും തങ്ങൾ അത് അനുവദിക്കുകയില്ലെന്നും തലസ്ഥാനമായ ഗുവാഹത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പ്രസ്താവിച്ചു. ബിജെപിയാണ് അസം ഭരിക്കുന്നത്.
സ്കൂളുകളിൽ നിന്ന് യേശുവിന്റെയും മാതാവിൻറെയും ചിത്രങ്ങളും രൂപങ്ങളും ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്നതിന് 15 ദിവസത്തെ സമയമാണ് ഇവർ അനുവദിച്ചിരിക്കുന്നത് നീക്കം ചെയ്യാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സമിതിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഗുവാഹത്തി അതിരൂപത ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ പ്രസ്താവിച്ചു. എന്തുകൊണ്ടാണ് ഇത്തരം ഭീഷണികൾ ഉണ്ടാകുന്നത് എന്ന് താങ്കൾക്കറിയില്ലെന്നും ആർച്ചുബിഷപ് പറഞ്ഞു. ആസാമിന്റെ വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിൽ പാവപ്പെട്ട ആദിവാസികൾക്ക് ഉൾപ്പെടെ നിരവധി പതിറ്റാണ്ടുകളായി വിദ്യാഭ്യാസം പകർന്നു നൽകി കൊണ്ടിരിക്കുന്ന വരാണ് ക്രൈസ്തവരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭീഷണിയെ നേരിടുന്നതിന് നിയമപരമായ മാർഗ്ഗങ്ങൾ തേടുമെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമയെ നേരിട്ട് കണ്ട് ആവശ്യങ്ങൾ ഉന്നയിക്കുമെന്നും ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു. ആസാമിലെ 3.1 കോടി ജനങ്ങളിൽ 3.74 ശതമാനമാണ് ക്രൈസ്തവർ.