മലയാളി സന്യാസിനി സിസ്റ്റര്‍ ബെറ്റ്‌സിയ്ക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ അവാര്‍ഡ്

മലയാളി സന്യാസിനി സിസ്റ്റര്‍ ബെറ്റ്‌സിയ്ക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ അവാര്‍ഡ്

അസ്സമില്‍ സേവനം ചെയ്യുന്ന മലയാളി സന്യാസിനി സിസ്റ്റര്‍ ബെറ്റ്‌സി ദേവസ്യയ്ക്ക് 11-ാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാര്‍ഡ്. വടക്കുകിഴക്കനിന്ത്യയിലെ സ്ത്രീകള്‍ക്കു നല്‍കിയ സേവനങ്ങളുടെ പേരിലാണ് ഇത്. കോട്ടയം സ്വദേശിനിയായ സിസ്റ്റര്‍ ബെറ്റ്‌സി 1988 മുതല്‍ വടക്കുകിഴക്കനിന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ഹോളി ക്രോസ് സന്യാസസമൂഹത്തിലെ അംഗമായ സിസ്റ്റര്‍, 2008 മുതല്‍ ഗുവാഹത്തിയിലെ വിമന്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്നു. 2000 ല്‍ ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍ സ്ഥാപിച്ച വിമന്‍ ഡെവലപ്‌മെന്റ് സെന്റര്‍ വടക്കുകിഴക്കനിന്ത്യയിലെ ഗ്രാമീണസ്ത്രീകളുടെ പുരോഗതിയ്ക്കു വലിയ സംഭാവനകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്.

ഈ പ്രദേശത്തെ സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കാന്‍ കഴിഞ്ഞ പുരോഗതിയും അതു നല്‍കുന്ന ആത്മസംതൃപ്തിയും തന്നെയാണ് തനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അവാര്‍ഡെന്നു സിസ്റ്റര്‍ ബെറ്റ്‌സി പ്രതികരിച്ചു. തങ്ങളുടെ പ്രവര്‍ത്തനഫലമായി പഠനം പുനരാരംഭിച്ച നിരവധി പെണ്‍കുട്ടികള്‍ ഇന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും ഇതര മേഖലകളിലും ജോലി ചെയ്യുന്നുണ്ടെന്ന് സിസ്റ്റര്‍ അറിയിച്ചു. ഒരു ക്രിസ്ത്യന്‍ മിഷണറിയ്ക്കു ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം വടക്കുകിഴക്കനിന്ത്യയുടെ വികസനത്തിനും രാഷ്ട്രനിര്‍മ്മാണത്തിനുമായി യത്‌നിക്കുന്ന മിഷണറിമാരുടെ സംഭാവനകള്‍ക്കുള്ള പൊതുവായ ഒരംഗീകാരമാണെന്ന് അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതാ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ പ്രസ്താവിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org