പാസ്റ്ററെയും ഭാര്യയെയും ജയിലില്‍ ആക്കിയത് തെളിവുകളില്ലാതെയെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍

പാസ്റ്ററെയും ഭാര്യയെയും ജയിലില്‍ ആക്കിയത് തെളിവുകളില്ലാതെയെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍

ഉത്തര്‍പ്രദേശിലെ ഇന്ദ്രപുരത്ത് പ്രൊട്ടസ്റ്റന്റ് പാസ്റ്ററായ സന്തോഷ് ജോണിനെയും ഭാര്യ ജിജി ജോണിനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെന്ന പേരില്‍ പൊലീസ് പിടികൂടി ജയിലില്‍ അടച്ചിരിക്കുന്നത് യാതൊരു തെളിവുകളും ഇല്ലാതെയാണെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുത്വ വര്‍ഗീയവാദ സംഘടനയായ ബജ്‌റംഗ് ദളിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് പാസ്റ്ററെയും ഭാര്യയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പിന്നീട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുമ്പിലെത്തി സംഘര്‍ഷമുണ്ടാക്കിയതോടെ പൊലീസ് പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മതപരിവര്‍ത്തനത്തിനെതിരായ കരിനിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും തെളിവുകള്‍ സഹിതം കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകയായ മീനാക്ഷിസിംഗ് പറഞ്ഞു. ക്രൈസ്തവര്‍ ഒരുപാടു മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍, 2011 ല്‍ ജനസംഖ്യയുടെ 2.6% ആയിരുന്ന ക്രൈസ്തവര്‍ 2021 ലെ സെന്‍സസില്‍ ജനസംഖ്യയുടെ 2.3% ആയി കുറഞ്ഞതെങ്ങിനെയാണെന്ന ചോദ്യവും അവരുന്നയിച്ചു.

ആള്‍ക്കൂട്ടങ്ങളുടെ ആക്രമണങ്ങളും ആള്‍ക്കൂട്ടത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ക്രൈസ്തവര്‍ക്കെതിരെയുള്ള പൊലീസ് നടപടികളും രാജ്യത്തു പതിവായിരിക്കുകയാണെന്ന് ദല്‍ഹിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചെയര്‍മാന്‍ എ സി മൈക്കിള്‍ ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോടും എട്ടു സംസ്ഥാന ഗവണ്‍മെന്റുകളോടും കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇന്നുവരെ ഒരു ഗവണ്‍മെന്റും യാതൊരു തെളിവുകളും സമര്‍പ്പിച്ചിട്ടില്ല - അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org