അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണം – കെസിബിസി

ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനാരോപണത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പിലാക്കണെമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. പോലീസ് ഒരു തരത്തിലുമുള്ള സമ്മര്‍ദത്തിനു വഴങ്ങാതെ കേസന്വേഷണം എത്രയും വേഗം നീതിപൂര്‍വകമായി പൂര്‍ത്തിയാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. പരാതിക്കാരിയായ സന്ന്യാസിനിയും ആരോപണവിധേയനായ ബിഷപ്പും കത്തോലിക്കാസഭയെന്ന കുടുംബത്തിലെ അംഗങ്ങളാകയാല്‍ അവര്‍ക്കുണ്ടാകുന്ന മുറിവും വേദനയും സഭയും പങ്കിടുന്നു.

സന്ന്യാസിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനെ സ്വാഗതം ചെയ്തുകൊണ്ടും നിഷ്പക്ഷമായ അന്വേഷണത്തില്‍ കുറ്റവാളിയെന്ന് കാണുന്നവരെ ഈ രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ശിക്ഷിക്കുന്നതില്‍ കത്തോലിക്കാസഭ ഒരു വിധത്തിലും തടസ്സം നില്ക്കുകയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടും കെ.സി.ബി.സി.യുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് സൂസപാക്യം ആദ്യംതന്നെ പരസ്യപ്രസ്താവന നടത്തുകയുണ്ടായി. സഭാധികാരികള്‍ക്ക് സന്യാസിനി പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്മേല്‍ സഭാനിയമങ്ങളനുസരിച്ചുള്ള നടപടികളുണ്ടാകുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍നിന്നും കത്തോലിക്കാസഭ പിന്നോട്ട് പോയിട്ടില്ല. പോയതായി ആരും ചൂണ്ടിക്കാണിച്ചിട്ടുമില്ല. ഉന്നയിക്കപ്പെട്ട ആരോപണം വളരെ ഗുരുതരമാണ്, ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളി – ആരായാ ലും – ശിക്ഷിക്കപ്പെടണമെന്നതു തന്നെയാണ് സഭയുടെ നിലപാട്- പത്രപ്രസ്താവനയില്‍ കെസിബിസി വ്യക്തമാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org