മുംബൈ അതിരൂപതയില്‍ കച്ചയില്‍ പൊതിഞ്ഞുള്ള മൃതസംസ്കാരം പ്രോത്സാഹിപ്പിക്കുന്നു

Published on

മരത്തില്‍ തീര്‍ത്ത ശവപ്പെട്ടിയില്‍ മൃതദേഹം കിടത്തി അടക്കം ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ച് കച്ചയില്‍ പൊതിഞ്ഞു മൃതദേഹം സംസ്കരിക്കാന്‍ കുടുംബങ്ങളെ ആഹ്വാനം ചെയ്യുകയാണ് മുംബൈ അതിരൂപത. പാരിസ്ഥിതികമായും സാമ്പത്തികമായും ഈ രീതി ഏറെ ഗുണകരമായിത്തീരുമെന്നാണ് സഭാനേതൃത്വം വ്യക്തമാക്കുന്നത്. മരങ്ങള്‍ വെട്ടിമുറിച്ച് നിര്‍മ്മിക്കുന്ന ശവപ്പെട്ടികള്‍ക്കു പകരം ലോഹപ്പെട്ടിയില്‍ തുണിയില്‍ പൊതി ഞ്ഞ് മൃതദേഹം വച്ചശേഷം സംസ്കാര സമയത്ത് കച്ചയില്‍ പൊതിഞ്ഞ മൃതദേഹം പുറത്തെടുത്ത് അടക്കം ചെയ്യാം. ഇതു വിശദീകരിക്കുന്ന വീഡിയോ ചിത്രവും അതിരൂപതയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
ശവപ്പെട്ടി ഇല്ലാതെ കച്ചയില്‍ പൊതിഞ്ഞ മൃതദേഹം സംസ്കരിക്കുന്നത് സഭയുടെ പുരാതന പാരമ്പര്യമാണെന്നും യേശുവിന്‍റെ മൃതസംസ്കാരം ഇത്തരത്തിലായിരുന്നുവെന്നും മുംബൈ അതിരൂപതാ കാര്യാലയത്തിലെ ഫാ. നിഗല്‍ ബാരറ്റ് പറഞ്ഞു. ഈ ആ ശയം ഇതാദ്യമായാണ് പൊതു അഭിപ്രായമായി അവതരിപ്പിക്കുന്നതെന്നും എന്നാല്‍ ഇതു നിര്‍ബന്ധമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കച്ചയില്‍ പൊതിഞ്ഞുള്ള മൃതദേഹസംസ്കാരം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണെന്ന് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്‍റെ പരിസ്ഥിതിക്കു വേണ്ടിയുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറി ഫാ. ആല്‍വിന്‍ ഡിസൂസ പറഞ്ഞു. ശവപ്പെട്ടിയില്‍ അടക്കം ചെയ്യുന്ന മൃതദേഹം മണ്ണില്‍ അലിയാന്‍ മൂന്നു വര്‍ഷമെടുക്കുമെങ്കില്‍ കച്ചയില്‍ അടക്കം ചെയ്യുന്ന മൃതദേഹത്തിന് രണ്ടുവര്‍ഷം മാത്രമേ വേണ്ടൂ. പെട്ടി നിര്‍മ്മാണത്തിനായി വൃക്ഷങ്ങള്‍ നശിപ്പിക്കേണ്ടി വരുന്നുമില്ല. മൃതദേഹ സംസ്കരണത്തിലെ ആചാരങ്ങളിലും സമ്പ്രദായങ്ങളില്‍ നിന്നുമുള്ള വ്യത്യാസമാണ് സഭ ആഗ്രഹിക്കുന്നതെന്നും അതിന്‍റെ വിശ്വാസപരവും പ്രബോധനപരവുമായ തലങ്ങളില്‍ നിന്നു യാതൊരു വ്യതിചലനവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org