
സാഗര്‍ : ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനെതിരെ സാഗര്‍ കത്തോലിക്കാ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ആയിര കണക്കിന് വിശ്വാസികളും 100 കണക്കിന് വൈദികരും സന്യസ്തരും പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ സെ. ഫ്രാന്‍സിസ് ഓര്‍ഫനേജിലും മറ്റു ക്രൈസ്തവ സ്ഥാപനങ്ങളിലും നടത്തിയ ക്രമ വിരുദ്ധ പരിശോധനകള്‍ക്കും ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും തിരു വസ്തുക്കള്‍ക്കും നേരെയുള്ള അവഹേളനങ്ങള്‍ക്കുമെതിരെ ആയിരുന്നു പ്രതിഷേധം.
ഹൈക്കോടതിയുടെ സ്റ്റേ ഓഡര്‍ നിലനില്‍ക്കുന്നതിനിടെ സ്ഥാപനത്തില്‍ മുന്‍വിധിയോടെ മുന്നറിയിപ്പ് ഇല്ലാതെ എത്തിയ CWC അംഗങ്ങള്‍ അതിക്രമം കാണിക്കുകയും CCTV യും ദൃശ്യങ്ങളും കമ്പ്യൂട്ടറുകളും നിയമവിരുദ്ധമായി പിടിച്ചെടുക്കുകയും ചെയ്തുവെന്ന് രൂപതാ സാമൂഹിക സേവന വിഭാഗം ഡയറക്ടര്‍ ഫാ. തോമസ് ഫിലിപ്പ് പറഞ്ഞു. ക്രൈസ്തവര്‍ അതി പാവനമായി കാണുന്ന അള്‍ത്താരയില്‍ കയറി ബലിപീഠം തട്ടി മറിച്ചിട്ടു. കുര്‍ബാനക്കു സൂക്ഷിച്ചിരുന്ന വീഞ്ഞ് മദ്യമാണെന്നും ഹാന്നാന്‍ വെള്ളം വോഡ്ക ആണെന്നും പറഞ്ഞു കൊണ്ട് പിടിച്ചെടുത്തു. സിസ്റ്റേഴ്‌സിന്റെ സ്വകാര്യ മുറികളില്‍ പോലും അതിക്രമിച്ചു കയറി പരിശോധന നടത്തിയ സംഘം സ്റ്റാഫിന്റെ റൂമുകളിലും പരിശോധന നടത്തി. ഫ്രിഡ്ജില്‍ കോഴി ഇറച്ചി സൂക്ഷിച്ചിരുന്നതായി പരാതി ഉയര്‍ത്തി.
ക്രൈസ്തവ വിശ്വാസത്തെയും കുര്‍ബാനയെയും അവഹേളിച്ചു സംസാരിച്ചപ്പോള്‍ എതി ര്‍ത്ത വൈദികരെ പോലീസിനെ ഉപയോഗിച്ച് അറെസ്റ്റ് ചെയ്യിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയെയും അള്‍ത്താരയെയും വിശ്വാസങ്ങളെയും വൈദികരെയും സിസ്റ്റേഴ്‌സിനെയും അവഹേളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സ്ഥാപനത്തില്‍ നിന്ന് മദ്യം കണ്ടെത്തി എന്ന് പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചത് പൊതു ജനങ്ങള്‍ക്കിടയില്‍ ക്രൈസ്തവരെ കുറിച്ച് സംശയവും അവമതിപ്പും ഉണ്ടാക്കുകയും ക്രൈസ്തവരുടെ ജീവിതം ദുസഹമാക്കുകയും ചെയ്തുവെന്നും ഫാ. അനില്‍ വിശദീകരിച്ചു.