മലയാളി വൈദികൻ ഉൾപ്പെടെ നാലുപേർ യുപിയിൽ ജയിലിലായി

അലഹബാദ് രൂപതയിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ബാബു ഫ്രാൻസിസ് ഉൾപ്പെടെ നാലു പേരെ യുപിയിലെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന്, കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും നാലുപേരെയും ജയിലിൽ അടക്കുകയും ചെയ്തു. മതപരിവർത്തന നിരോധന നിയമം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു. അറസ്റ്റ് .

കരി നിയമമെന്ന് വിശേഷിപ്പിക്കാവുന്ന മതപരിവർത്തന നിരോധന നിയമം 2021ൽ പാസാക്കിയതിനുശേഷം നിരവധി വ്യാജ പരാതികളാണ് ക്രൈസ്തവർക്കെതിരെ ഉന്നയിച്ചിട്ടുള്ളതെന്ന് അലഹബാദ് രൂപതാ അധികൃതർ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം കഴിഞ്ഞ എട്ടു മാസത്തിനിടെ 211 കേസുകളാണ് ഇപ്രകാരം ഉത്തര്‍പ്രദേശിലുണ്ടായിരിക്കുന്നത്.

ബിജെപി നേതാവായ വൈഭവ് നാഥ് ഭാരതിയുടെ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ പ്രാർത്ഥനയോഗത്തിൽ കടന്നുചെന്ന ബി ജെ പി നേതാവ് പാസ്റ്റർ മതപരിവർത്തന നിരോധന നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ബഹളം ഉണ്ടാക്കി. ഇതേ തുടർന്ന് പാസ്റ്റർ അവിടെനിന്നും ഓടിപ്പോവുകയും പാസ്റ്ററുടെ സഹോദരനായ കത്തോലിക്കാസഭാംഗത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പോലീസ് സ്റ്റേഷനിൽ വിവരം അന്വേഷിക്കാൻ ചെന്ന അദ്ദേഹത്തിൻറെ സഹപ്രവർത്തകരെയും പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. ഇവരെക്കുറിച്ച് അന്വേഷിക്കാൻ ചെന്നതായിരുന്നു ഫാദർ ബാബു ഫ്രാൻസിസ്. ഒടുവിൽ വൈദികൻ ഉൾപ്പെടെ നാലുപേർക്കെതിരെയും കേസെടുത്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ 20 കോടി ജനങ്ങളിൽ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവർ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org