
ഐ എസ് സി പത്താംക്ലാസ് പരീക്ഷയിൽ അരുണാചൽ പ്രദേശിലെ മിയാവോ രൂപത നടത്തുന്ന 16 സ്കൂളുകളിലെ വിദ്യാർത്ഥികൾ വൻ വിജയം കരസ്ഥമാക്കി. അരുണാചൽപ്രദേശിലെ വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിലാണ് ഈ സ്കൂളുകൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണരായ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നേടാൻ മുമ്പ് സൗകര്യങ്ങളില്ലായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ വീട്ടുപടിക്കൽ എത്തിച്ചതിന് സഭയോട് വലിയ കടപ്പാടുണ്ടെന്ന് റിസൾട്ട് അറിഞ്ഞശേഷം രക്ഷിതാക്കൾ പ്രതികരിച്ചു. അരുണാചലിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ നേട്ടമാണ് വിദ്യാർഥികൾ കൈവരിച്ചതെന്ന് രൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ ന്യൂമാൻസ് എജുക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറി ഫാദർ ഷോബി സൈമൺ പറഞ്ഞു. രൂപതയുടെ 16 സ്കൂളുകളിൽ നിന്ന് 600 ഓളം കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
വിജയം നേടിയ വിദ്യാർത്ഥികളെ രൂപതാ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ അഭിനന്ദിച്ചു. യഥാർത്ഥ ജീവിതത്തിൻറെ തുടക്കം മാത്രമാണ് ഇതെന്ന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബിഷപ്പ് ഓർമിപ്പിച്ചു.
1992 ബോർഡ് ഗ്രാമത്തിലാണ് രൂപതയുടെ ആദ്യത്തെ സ്കൂൾ സ്ഥാപിതമായത്. അക്കാലത്ത് അരുണാചൽ പ്രദേശിന്റെ സാക്ഷരതാ നിരക്ക് 41 ശതമാനം മാത്രമായിരുന്നു. ഇപ്പോഴത് 60% ആയി വർദ്ധിച്ചിട്ടുണ്ട്. ഈ പുരോഗതി പ്രധാനമായും സഭയുടെ വിദ്യാഭ്യാസ സേവനത്തിന്റെ ഫലമാണെന്ന് ബിഷപ്പ് പള്ളിപ്പറമ്പിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഏറ്റവും വിദൂരസ്ഥമായ ഗ്രാമങ്ങളിൽ പോലും സഭ സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിനോ ആരോഗ്യത്തിനോ സാക്ഷരതയ്ക്കോ മതമില്ല. സമൂഹത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്നവർക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് സഭയുടെ ലക്ഷ്യം. - ബിഷപ് പള്ളിപ്പറമ്പിൽ വിശദീകരിച്ചു.
മിയാവോ രൂപതയ്ക്ക് ഇപ്പോൾ എട്ടു ജില്ലകളിലായി 53 സ്കൂളുകളാണ് ഉള്ളത്. പതിനേഴായിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 750 ലധികം അധ്യാപകർ ജോലി ചെയ്യുന്നു.