മിഷനറിമാര്‍ നീതിക്കുവേണ്ടി വിശക്കുന്നവരാകണം – ബിഷപ് മാര്‍ തോമസ് തറയില്‍

മിഷനറിമാര്‍ നീതിക്കുവേണ്ടി വിശക്കുന്നവരാകണം – ബിഷപ് മാര്‍ തോമസ് തറയില്‍
Published on

മിഷനറിമാര്‍ ക്രിസ്തുവിന്‍റെ കാരുണ്യം സ്വന്തമാക്കണമെന്നും അവര്‍ നീതിക്കുവേണ്ടി വിശക്കുന്നവരും കാരുണ്യത്തിന്‍റെ ഹൃദയമുള്ളവരുമാകണമെന്നും ബിഷപ് മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു. എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിച്ച 'ദുക് ഇന്‍ ആള്‍ത്തും' മിഷന്‍ സമ്മിറ്റില്‍ സമാപനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മനുഷ്യവംശത്തിന്‍റെ പാപവും സഹനവും ഏറ്റുവാങ്ങിയ ക്രിസ്തുവിന്‍റെ പ്രതിനിധികളാണ് മിഷനറിമാര്‍. എവിടെയെല്ലാം പാപവും സഹനവുമുണ്ടോ അവിടെയെല്ലാം മിഷനറിമാരെക്കൊണ്ട് ആവശ്യമുണ്ട്. യേശുവിന്‍റെ കാരുണ്യം സ്വന്തമാക്കിയവര്‍ക്കേ, മനുഷ്യരെ അവരുടെ ദുരിതങ്ങളില്‍ നിന്നും മോചിപ്പിക്കാനാവൂ – ബിഷപ് തറയില്‍ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസാചരണത്തോടനുബന്ധിച്ചാണ് മിഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചത്. സാന്ത്വന കമ്മ്യൂണിറ്റി സ്ഥാപകന്‍ റവ. ഫാ. ധീരജ് സാബു ഐഎംഎസ് ഉദ് ഘാടനം ചെയ്തു. ആഴത്തിലേക്ക് നീക്കി വലയിറക്കാനുള്ള വിളിയാണ് മിഷന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ 'ജ്ഞാനസ്നാനപ്പെട്ട് അയയ്ക്കപ്പെട്ടവര്‍' എന്ന പ്രബോധനത്തിന്‍റെ കാലിക പ്രസക്തിയെപ്പറ്റി കൊച്ചി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് കരിയില്‍ പ്രഭാഷണം നടത്തി.

റവ. ഡോ. ആന്‍റണി തറേക്കടവില്‍, ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, സി. മേരി പ്രസാദ് ഡി.എം., ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, പ്രൊഫ. സി.സി. ആലീസുകുട്ടി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. ജോഷി മയ്യാറ്റില്‍, സി. സെറീനാ എസ്ഐസി, ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ ഫാ. ഷാജി സ്റ്റീഫന്‍ ഒഡിഇഎം, ഫാ. ജോസ് കരിവേലിക്കല്‍, ഫാ. സാജു സിഎസ്റ്റി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധരൂപതകളിലും സന്ന്യാസസമൂഹങ്ങളിലും അല്മായ പ്രസ്ഥാനങ്ങളിലും നിന്ന് 270 പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org