പൗരന്മാരുടെ സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം: ലെയ്റ്റി കൗണ്‍സില്‍

ക്രൈസ്തവരുള്‍പ്പെടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരും ഭരണഘടനയുമാണെന്നും ക്രൈസ്തവരുടെ സംരക്ഷകരായി സ്വയം ഉത്തരവാദിത്വമേറ്റെടുക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തുടനീളം നടത്തിയതും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ ക്രൈസ്തവ പീഡനങ്ങളുടെ ചരിത്രം മറക്കരുതെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍.

എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഏറ്റം ആദരവോടും ബഹുമാനത്തോടുംകൂടി കാണുന്നവരാണ് ക്രൈസ്തവര്‍. ഭീകരവാദവും അക്രമവുമല്ല സ്നേഹത്തിന്‍റെ പങ്കുവയ്ക്കലും സാഹോദര്യവും സമാധാനവുമാണ് ക്രൈസ്തവ സഭകളുടെ മുഖമുദ്ര. രാജ്യത്തുടനീളം ജാതിക്കും മതത്തിനും അതീതമായി ക്രൈസ്തവര്‍ നടത്തുന്ന സേവനശുശ്രൂഷകളിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍തന്നെയാണ് ക്രൈസ്തവര്‍ക്കെതിരെ മതവിദ്വേഷവും വര്‍ഗീയവാദവുമുയര്‍ത്തുന്നത്. വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആസൂത്രിത ഭീകരാക്രമങ്ങള്‍ നാളെ ഇന്ത്യയിലും നടക്കുമോയെന്ന ആശങ്ക ക്രൈസ്തവരിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ല ശക്തമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. അധികാരത്തിലിരിക്കുന്നവര്‍ രാഷ്ട്രീയ വിധേയത്വത്തിന്‍റെ പേരില്‍ ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഒത്താശചെയ്യുന്ന വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാത്തത് ദുഃഖകരമാണ്.

ക്രൈസ്തവരേയും വിശ്വാസാചാരാനുഷ്ഠാനങ്ങളെയും മറപിടിച്ച് രാഷ്ട്രീയ വിലപേശലുകള്‍ നടത്തുവാന്‍ ആരെയും അനുവദിക്കില്ല. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഭിന്നിച്ചുനില്‍ക്കാതെ ഒന്നിച്ചുനിന്ന് കൂടുതല്‍ ഐക്യം ഊട്ടിയുറപ്പിക്കുവാനും സഹകരിച്ചുപ്രവര്‍ത്തിക്കുവാനും മുന്നോട്ടുവരണമെന്നും ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളിലെ അല്മായ നേതാക്കളുടെ നേതൃസമ്മേളനം സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നു സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org