ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍രഹിതരുടെ നിരക്കുയരുന്നുവെന്ന പാര്‍ലമെന്‍റ് റിപ്പോര്‍ട്ട് ആശങ്കാജനകം: ലെയ്റ്റി കൗണ്‍സില്‍

ഇന്ത്യയിലെ ക്രൈസ്തവര്‍ തൊ ഴിലില്ലായ്മ നിരക്കില്‍ ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്നുള്ള പാര്‍ലമെന്‍റിലെ രേഖാമൂലമുള്ള വെളിപ്പെടുത്തല്‍ ആശങ്കയുളവാക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മതാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തൊഴില്‍രഹിതരുടെ നിരക്ക് വിലയിരുത്തുമ്പോള്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്നത് ക്രൈസ്തവരാണെന്നുള്ള ലെയ്റ്റി കൗണ്‍സില്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ ട്ട് ശരിവയ്ക്കുന്നതാണ് ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി പാര്‍ലമെന്‍റില്‍ വച്ചിരിക്കുന്ന രേഖകളും വെളിപ്പെടുത്തലുകളും. ന്യൂനപക്ഷ കമ്മീഷന്‍ മുമ്പാകെ ലെയ്റ്റി കൗണ്‍സിലിന്‍റെ പഠനറിപ്പോര്‍ട്ട് ഇതിനോടകം സമര്‍പ്പിച്ചിരുന്നു.

2006 നവംബര്‍ 30-ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിനു ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്നതു സംബന്ധിച്ച് ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ലമെന്‍റംഗം പ്രസൂണ്‍ ബാനര്‍ജി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അംബാസ് നഖ്വി ലോകസഭയില്‍ നല്‍കിയ മറുപടിയിലാണ് ഹൈന്ദവ, മുസ്ലീം, ക്രൈസ്തവരുള്‍പ്പെടെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് വ്യക്തമാക്കിയിരിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ദേശീയ തലത്തില്‍ നടത്തിയ പീരിയോഡിക്കല്‍ ലേബര്‍ ഫോ ഴ്സ് സര്‍വേയുടെ 2017-'18 കാലഘട്ടങ്ങളിലെ സ്ഥിതിവിവരക്കണക്കുകളും ലോക്സഭയില്‍ വയ്ക്കുയുണ്ടായി. ഇതിന്‍പ്രകാരം മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഗ്രാമീണ സ്ത്രീകളില്‍ 3.5 : 5.7 : 8.8, നഗരങ്ങളില്‍ 10.0 : 14.5 : 15.6 അനുപാതമാണ്. ഗ്രാമീണ പുരുഷന്മാരുടെ നിരക്ക് 5.7 : 6.7 : 6.9, നഗരങ്ങളിലിത് 6.9 : 7.5 : 8.9 എന്നതുമാണ് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്.

വിദ്യാഭ്യാസ സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലും തൊഴില്‍ മേഖലകളിലും ക്രൈസ്തവസമൂഹം മുന്നില്‍ നില്‍ക്കുന്നുവെന്ന് നിരന്തരമുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. ജോലിസംവരണത്തിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കുവയ്ക്കലിലും ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന വസ്തുത നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ക്രൈസ്തവ തൊഴിലില്ലായ്മയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസം, സ്വയംതൊഴില്‍, സംരംഭകത്വം, കോച്ചിംഗ് സെന്‍റര്‍ എന്നീ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്‍റെ ഗുണഫലങ്ങള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവര്‍ക്ക് സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരില്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല. ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും നിലവിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ തലങ്ങളില്‍ ജോലിസംവരണവും വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടതിലേക്കാണ് നിലവിലുള്ള കണക്കുകളും രേഖകളും വിരല്‍ ചൂണ്ടുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെ ക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org