ലാഡോ സരായ് ലിറ്റിൽ ഫ്ളവർ ഇടവക ദേവാലയം: നിയമ നടപടികൾക്ക് തുടക്കം കുറിച്ച് ഫരീദാബാദ് രൂപത

ലാഡോ സരായ് ലിറ്റിൽ ഫ്ളവർ ഇടവക ദേവാലയം: നിയമ നടപടികൾക്ക് തുടക്കം കുറിച്ച് ഫരീദാബാദ് രൂപത

ഡൽഹി അൻധേരിയ മോഡിലുള്ള ലാഡോ സരായ് ലിറ്റിൽ ഫ്ളവർ ഇടവക ദേവാലയം തകർത്തതിനെതിരെ നിയമ നടപടികൾക്ക് തുടക്കം കുറിച്ച് ഫരീദാബാദ് രൂപത.

ഡൽഹിയിലെ അൻധേരിയ മോഡിലുള്ള ഫരീദാബാദ് രൂപതയുടെ ലാഡോ സരായ് ഇടവക ദേവാലയം ഇടിച്ചു നിരത്തിയ അധീകൃതരുടെ അങ്ങെയറ്റം ക്രൂരവും അന്യായവുമായ പ്രവർത്തിയെ ശക്തമായി അപലപിച്ചു കൊണ്ട് ഇതിനെതിരെ സർക്കാർ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് രൂപത നേതൃത്വം നിയമ നടപടികൾ ആരംഭിച്ചു.

ലിറ്റിൽ ഫ്ളവർ ഇടവക ദേവാലയത്തിന്റെ വികാരി ഫാദർ ജോസ് കന്നുകുഴിയും ഇടവക കമ്മിറ്റി അംഗങ്ങളും ചേർന്ന് ഇന്ന്, ജൂലൈ 13 ചൊവ്വാഴ്ച്ച രാവിലെ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഡൽഹിയിലെ കേരള ഹൗസിൽ ചെന്നു കാണുകയും അദ്ദേഹത്തെ പരാതി ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളുമായി സംസാരിച്ച്  നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട്, വികാരി ഫാദർ ജോസ് കന്നുകുഴി, കൈക്കാരൻമാർ എന്നിവർക്കൊപ്പം നശിപ്പിക്കപ്പെട്ട ദേവാലയ പരിസരം സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.കഴിഞ്ഞപതിമുന്നില്‍അധികം വർഷങ്ങളായി ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനക്കായി ഉപയോഗിച്ചിരുന്ന ഇടവക ദേവാലയം യാതൊരു പ്രകോപനവും ഇല്ലാതെ തികച്ചും അപ്രതീക്ഷിതമായി  അധികൃതർ നശിപ്പിച്ചതിനെ അദ്ദേഹം അപലപിച്ചു. ഇത് തികച്ചും അന്യായവും വേദനജനകവും ആണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇടവകയിലെ വിശ്വാസ സമൂഹം ഒത്തിരി കഠിനാദ്ധ്വാനം ചെയ്ത് കെട്ടിപ്പടുത്തതാണ് ഈ ദേവാലയമെന്നും അത് അന്യായമായി തകർത്തതിൽ ഉണ്ടായ വേദനയിൽ താൻ പങ്കുകൊള്ളുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അന്യായവും ക്രൂരവുമായ സംഭവത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി , ഡൽഹി മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര നഗര വികസന മന്ത്രി എന്നിവർക്ക് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര കത്തയച്ചു. കൂടാതെ സീറോ മലബാർ സഭാദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സി ബി സി ഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് തുടങ്ങിയ സഭാ നേതൃത്വങ്ങളെയും ആർച്ച്ബിഷപ്  കത്തയച്ച് നിജസ്ഥിതി അറിയിച്ചു.വരും ദിവസങ്ങളിൽ നിയമ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും എത്രയും വേഗം വിശ്വാസ സമൂഹത്തിന് നീതി ലഭിക്കുന്നതിനുള്ള കാര്യങ്ങൾ നിർവ്വഹിക്കുമെന്നും രൂപത പി ആർ ഒ  അറിയിച്ചു.

ഈ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തകർക്കപ്പെട്ട ദേവാലയ പരിസരത്ത് രൂപത യുവജന പ്രസ്ഥാനമായ ഡി എസ് വൈ എമിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org