കാന്ധമാല്‍ രക്തസാക്ഷികള്‍ ഇനി ദൈവദാസര്‍

കാന്ധമാല്‍ രക്തസാക്ഷികള്‍ ഇനി ദൈവദാസര്‍

കാന്ധമാല്‍ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാരംഭഘട്ടത്തിനു തുടക്കമിടാന്‍ വിശുദ്ധരുടെ നാമകരണത്തിനുള്ള വത്തിക്കാന്‍ കാര്യാലയം അനുമതി നല്‍കി. ഭാരതസഭയിലെമ്പാടും ഈ തീരുമാനം വലിയ ആത്മനിര്‍വൃതിക്കു കാരണമായി. 2008 ലെ ക്രൈസ്തവവിരുദ്ധ കലാപത്തില്‍, ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ഉള്‍പ്പെടെയുള്ള കൊടിയ സഹനങ്ങള്‍ നേരിട്ടവര്‍ക്ക് ആഗോളസഭ നല്‍കുന്ന അംഗീകാരത്തിന്റെ ആദ്യപടിയാണ് ഈ തീരുമാനം. ഒഡിഷയിലെ സഭക്കും കാന്ധമാലിലെ വിശ്വാസികള്‍ക്കും അവിസ്മരണീയമായ നിമിഷമാണിതെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബാര്‍വ പറഞ്ഞു. നാമകരണനടപടികള്‍ ആരംഭിക്കുന്നതിനുള്ള 'എതിര്‍പ്പില്ലാരേഖ' (നിഹില്‍ ഒബ്സ്റ്റാറ്റ്) ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയാണ് ആര്‍ച്ചുബിഷപ് ബാര്‍വയ്ക്കു കൈമാറിയത്. ദൈവദാസരായ കാന്ദേശ്വര്‍ ഡിഗാളിന്റെയും സഹരക്തസാക്ഷികളുടെയും ജീവിതവിശുദ്ധിയും നന്മയും പരിശോധനാവിധേയമാക്കുന്നതിനു വിശ്വാസപരമോ ധാര്‍മ്മികമോ ആയ തടസ്സങ്ങളിലെന്ന് പ്രാഥമികഘട്ട വിലയിരുത്തലുകള്‍ക്കു ശേഷം വത്തിക്കാന്‍ സ്ഥിരീകരിക്കുന്നതാണ് ഈ രേഖ. 24 പുരുഷന്മാരും 11 സ്ത്രീകളുമായി 35 പേരാണ് ദൈവദാസരുടെ പട്ടികയിലുള്ളത്. ഫാ. ബെര്‍ഡാഡ് ഡിഗാള്‍ എന്ന വൈദികനും ഇതിലുള്‍പ്പെടുന്നു.

ഇന്ത്യയിലെ ക്രൈസ്തവര്‍ക്കാകെ പ്രചോദനം പകരുന്നതാണ് കാന്ധമാല്‍ രക്തസാക്ഷികളുടെ അചഞ്ചലമായ വിശ്വാസവും സാക്ഷ്യവുമെന്ന് ആര്‍ച്ചുബിഷപ് ബാര്‍വ ചൂണ്ടിക്കാട്ടി. 2008 ആഗസ്റ്റില്‍ നടന്ന കലാപത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ആറായിരം ക്രൈസ്തവഭവനങ്ങളും മുന്നൂറിലധികം പള്ളികളും തകരര്‍ക്കപ്പെട്ടു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ക്രൈസ്തവചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ മതമര്‍ദ്ദനവും കൂട്ടക്കൊലയുമാണ് കാന്ധമാലിലേത്.

ക്രൈസ്തവവിശ്വാസം ത്യജിച്ചാല്‍ കൊലപാതകം ഒഴിവാക്കാമെന്ന അക്രമികളുടെ അന്ത്യശാസനങ്ങളെ പോലും നിരാകരിച്ചവരാണ് രക്തസാക്ഷികളായവര്‍. അവരുടെ രക്തസാക്ഷിത്വത്തോടെ കാന്ധമാല്‍ മേഖലയില്‍ ക്രൈസ്തവസഭ പുതിയ ഊര്‍ജം കൈവരിക്കുകയും ചെയ്തു. പൗരോഹിത്യ-സന്യാസാന്തസ്സുകളിലേക്കുള്ള ദൈവവിളികളും ഈ പ്രദേശത്തു വലിയ വളര്‍ച്ച നേടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org