തെറ്റുകളും കുറവുകളും പരിഹരിക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങള്‍ ഉണ്ടാക്കും – കെ.സി.ബി.സി.

ജലന്ധര്‍ രൂപതാ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ, ആ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് എന്ന സന്ന്യാസസഭയിലെ അംഗമായ ഒരു സന്ന്യാസിനി കുറവിലങ്ങാട്ടു പൊലീസ് സ്റ്റേഷനില്‍ നല്കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്ത സംഭവം കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നു കേരള കത്തോലിക്കാ മെത്രാന്‍സമിതി. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നതായും കെസിബിസി വ്യക്തമാക്കി.

കേസിന്‍റെ തുടരന്വേഷണവും വിചാരണയും, നിഷ്പക്ഷമായും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാതെയും നടക്കണം. ഇക്കാര്യത്തില്‍ സമ്പൂര്‍ണമായ നീതി നടപ്പിലാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ കേസിന്‍റെ മറവില്‍, കത്തോലിക്കാസഭയോടു വിരോധമോ അസൂയയോ ഉള്ളവരും, നിഗൂഢലക്ഷ്യവും നിക്ഷിപ്ത താത്പര്യവും ഉള്ള ചിലരും കത്തോലിക്കാസഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികള്‍ തിരിച്ചറിയണം. ഒരു വ്യക്തിക്കെതിരെയുള്ള ആരോപണത്തിന്‍റെ പേരില്‍ ഒരു സഭയെ മുഴുവന്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം – പത്രക്കുറിപ്പില്‍ കെസിബിസി സൂചിപ്പിച്ചു.

സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകര്‍ത്ത്, സഭയ്ക്കുള്ളിലെ ഐക്യവും കെട്ടുറുപ്പും നശിപ്പിച്ച്, അരാജകത്വം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. സമര്‍പ്പിത ജീവിതത്തിന്‍റെ വിശുദ്ധിയും പരിപാവനതയും പരിഹസിക്കപ്പെടുന്നു. കുമ്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍, വിശ്വാസ തീക്ഷ്ണതയുള്ള ലക്ഷക്കണക്കിനു വിശ്വാസികളും, വിശുദ്ധ ജീവിതം നയിക്കുന്ന ആയിരക്കണക്കിനു സമര്‍പ്പിതരും, ത്യാഗപൂര്‍ണമായ സേവനം ചെയ്യുന്ന നൂറുകണക്കിനു വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ കത്തോലിക്കാസഭയ്ക്ക്, ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ട്. കാരണം, ഇതു യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിലൂടെ സ്ഥാപിക്കപ്പെട്ട്, ആയിരക്കണത്തിനു രക്തസാക്ഷികളുടെ ത്യാഗത്തിലൂടെ വളര്‍ന്ന്, വിശുദ്ധിയില്‍ ജീവിച്ച് സേവനം ചെയ്യുന്ന ആയിരങ്ങളുടെ പ്രാര്‍ത്ഥനയിലും പ്രവൃത്തിയിലും നിന്ന് ഊര്‍ജ്ജം സംഭരിച്ച് സമ്മര്‍ദ്ദങ്ങളെയും മര്‍ദ്ദനങ്ങളെയും അപവാദപ്രചരണങ്ങളെയും അതിജീവിച്ച പ്രേഷിത സഭയാണ്. തെറ്റുകള്‍ തിരുത്തുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടാക്കുമെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org