മാധ്യമപ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടണം

മാധ്യമപ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടണം

ഫാ. സെദ്രിക് പ്രകാശ്

ഇന്ത്യയിലെ ലക്ഷകണക്കിനു മനുഷ്യര്‍ ഇന്നും സമൂഹത്തിന്റെ വിളുമ്പുകളിലാണു കഴിയുന്നതെന്നും അവര്‍ക്കു വേണ്ടി പോരാടാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും മനുഷ്യാവകാശപ്രവര്‍ത്തകനായ ഫാ. സെദ്രിക് പ്രകാശ് പ്രസ്താവിച്ചു. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ നല്‍കുന്ന ഐസിപിഎ-ഫാ. ലൂയിസ് കരേനോ അവാര്‍ഡ് സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ഫാ. സെദ്രിക് പ്രകാശ് എസ് ജെ. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമാക്കി, വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് അദ്ദേഹം. ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള മാധ്യമ-സാമൂഹ്യപ്രവര്‍ത്തകയായ സിസ്റ്റര്‍ സുജാത ജെനയ്ക്കാണ് ദളിത് വിഷയങ്ങള്‍ കൈകാര്യം ചെയ്തതിനുള്ള അവാര്‍ഡ് ലഭിച്ചത്. ഹിന്ദി ഭാഷയിലെ പത്രപത്രപ്രവര്‍ത്തനത്തിനുള്ള സ്വാമി ദേവാനന്ദ് ചക്കുങ്കല്‍ അവാര്‍ഡ് റാഞ്ചിയില്‍ നിന്നുള്ള നിഷ്‌കളങ്ക മാസിക കരസ്ഥമാക്കി. എഡിറ്റര്‍ ഫാ. ജസ്റ്റിന്‍ ടിര്‍കി എസ് ജെ അവാര്‍ഡ് സ്വീകരിച്ചു.

ഐ സി പി എ സമ്മേളനം സി ബി സി ഐ പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതിയുടെയും മനുഷ്യാവകാശങ്ങളുടെയും തലങ്ങളില്‍ സുവിശേഷമൂല്യങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ടെന്നു കാര്‍ഡിനല്‍ വ്യക്തമാക്കി. മുംബൈ ഹൈക്കോടതി റിട്ട. ജഡ്ജ് അലോഷ്യസ് അഗ്വിയാര്‍, ഐ സി പി എ യുടെ എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസര്‍ ബിഷപ് സാല്‍വദോര്‍ ലോബോ, പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, സെക്രട്ടറി ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്, ട്രഷറര്‍ ഫാ. ജോബി മാത്യു എസ് എസ് പി തുടങ്ങിയവര്‍ പ്രസംഗിച്ചു. പാനല്‍ ചര്‍ച്ചയില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് മുന്‍ എഡിറ്റര്‍ മോഹന്‍ ശിവാനന്ദും അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ ഡോ. ഷെയ്‌സണ്‍ പി ഔസേഫും അനുഭവങ്ങള്‍ പങ്കുവച്ചു. മുംബൈ സെ. പോള്‍ കമ്മ്യൂണക്കേഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org