ജഗദല്‍പൂര്‍ രൂപതയിലെ അക്രമം: ബി ജെ പി നേതാവ് ഉള്‍പ്പെടെ പിടിയിലായി

ജഗദല്‍പൂര്‍ രൂപതയിലെ അക്രമം: ബി ജെ പി നേതാവ് ഉള്‍പ്പെടെ പിടിയിലായി

ഛത്തീസ്ഗഡില്‍, ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള നാരായണ്‍പുര്‍ ബംഗ്ലാപ്പാറ, സേക്രഡ് ഹാര്‍ട്ട് പള്ളിയ്ക്കു നേരെ വര്‍ഗീയവാദികള്‍ ആക്രമണത്തിലെ കുറ്റവാളികള്‍ക്കു വേണ്ടി അന്വേഷണം നടക്കുന്നു. ബി ജെ പി യുടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ഏതാനും പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഛത്തീസ്ഗഡിലെ റായ്പുര്‍ അതിരൂപതാ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ നേരിട്ട് കണ്ട് കുറ്റവാളികള്‍ക്കെതിരെ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ടിട്ടിരുന്നു.

പ്രകടനമായെത്തി പള്ളിയുടെ വാതിലുകളും ജനലുകളും തിരുസ്വരൂപങ്ങളും ഗ്രോട്ടോയും തകര്‍ത്ത അക്രമിസംഘം പള്ളിമേടയ്ക്കും സമീപത്തെ ആരാധനാമഠത്തിനും നേരെയും അക്രമം നടത്തി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. മഠത്തിലെ സിസ്റ്റര്‍മാരെയും ഇതോടു ചേര്‍ന്നുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധികാരികള്‍ ഇടപെട്ടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. വികാരി ഫാ. ജോമോന്‍ തെക്കിനിയിലും പള്ളിയില്‍ നിന്നു മാറി നിന്നു. രണ്ടു വര്‍ഷം മുമ്പു നിര്‍മ്മിച്ച പള്ളി ജഗദല്‍പുര്‍ രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്.

ഹിന്ദുത്വ വര്‍ഗീയവാദികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍വ ആദിവാസി സംഘടനയുടെ പേരില്‍ ഏതാനും ആഴ്ചകളായി നാരായണ്‍പുരിലെ ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ നടന്നു വരികയായിരുന്നു. പരിസരത്തുള്ള പ്രൊട്ടസ്റ്റന്റ് സഭകളിലെ ക്രൈസ്തവര്‍ക്കെതിരെയും അക്രമങ്ങള്‍ നടന്നു. ക്രൈസ്തവര്‍ ഹിന്ദുമതത്തിലേക്കു തിരിച്ചു പോകണം എന്ന് ആവശ്യപ്പെട്ടാണ് അക്രമങ്ങള്‍ നടക്കുന്നത്. അക്രമപരമ്പരയെ തുടര്‍ന്ന് മേഖലയിലെ നിരവധി ക്രൈസ്തവകുടുംബങ്ങള്‍ വീടു വിട്ടുപോകാന്‍ നിര്‍ബന്ധിതരായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org