ജഗദല്‍പൂര്‍ സീറോ മലബാര്‍ രൂപതയിലെ പള്ളിയും മഠവും ആക്രമിക്കപ്പെട്ടു

ജഗദല്‍പൂര്‍ സീറോ മലബാര്‍ രൂപതയിലെ പള്ളിയും മഠവും ആക്രമിക്കപ്പെട്ടു
Published on

ഛത്തീസ്ഗഡില്‍, ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള നാരായണ്‍പുര്‍ ബംഗ്ലാപ്പാറ, സേക്രഡ് ഹാര്‍ട്ട് പള്ളിയ്ക്കു നേരെ വര്‍ഗീയവാദികള്‍ ആക്രമണം നടത്തി. പ്രകടനമായെത്തി പള്ളിയുടെ വാതിലുകളും ജനലുകളും തിരുസ്വരൂപങ്ങളും ഗ്രോട്ടോയും തകര്‍ത്ത സംഘം പള്ളിമേടയ്ക്കും സമീപത്തെ ആരാധനാമഠത്തിനും നേരെയും അക്രമം നടത്തി നാശനഷ്ടങ്ങളുണ്ടാക്കി. മഠത്തിലെ സിസ്റ്റര്‍മാരെയും ഇതോടു ചേര്‍ന്നുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധികാരികള്‍ ഇടപെട്ടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു. വികാരി ഫാ. ജോമോന്‍ തെക്കിനിയിലും പള്ളിയില്‍ നിന്നു മാറി നിന്നു. രണ്ടു വര്‍ഷം മുമ്പു നിര്‍മ്മിച്ച പള്ളി ജഗദല്‍പുര്‍ രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്.

ഹിന്ദുത്വ വര്‍ഗീയവാദികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍വ ആദിവാസി സംഘടനയുടെ പേരില്‍ ഏതാനും ആഴ്ചകളായി നാരായണ്‍പുരിലെ ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ നടന്നു വരികയായിരുന്നു. പരിസരത്തുള്ള പ്രൊട്ടസ്റ്റന്റ് സഭകളിലെ ക്രൈസ്തവര്‍ക്കെതിരെയും അക്രമങ്ങള്‍ നടന്നു. ക്രൈസ്തവര്‍ ഹിന്ദുമതത്തിലേക്കു തിരിച്ചു പോകണം എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്.

അക്രമങ്ങളില്‍ ഛത്തീസ്ഗഡിലെ റായ്പുര്‍ അതിരൂപതാ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. ആര്‍ച്ചുബിഷപ് താക്കൂര്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ നേരിട്ട് കണ്ട് കുറ്റവാളികള്‍ക്കെതിരെ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org