
വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത മധ്യപ്രദേശിലെ ജബല്‍പൂര്‍ കത്തോലിക്കാ രൂപതാ ബിഷപ് ജെറാള്‍ഡ് അല്‍മേഡയുടെയും ഫാ. ജഗന്‍ രാജിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി തള്ളി.
വഞ്ചനാക്കുറ്റത്തിനു പുറമെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ബിഷപ്പിനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം ബാലാവകാശ കമ്മീഷന്‍ വിവിധ നിയമലംഘനങ്ങള്‍ ആരോപിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്ന ഗ്വാളിയര്‍ രൂപതാ വൈദികനും സെ. മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ആര്‍ ബി ഡയോനീഷ്യസ് ജാമ്യം നേടി ജയില്‍ മോചിതനായി.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായ നിവേദിത ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അപ്രതീക്ഷിത പരിശോധനയെത്തുടര്‍ന്നാണ് ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി വൈദികനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സ്‌കൂള്‍ കാമ്പസിനുള്ളിലെ ഫാദര്‍ ഡയോനിഷ്യസിന്റെ താമസ സ്ഥലത്തു നിന്ന് മദ്യക്കുപ്പികളും മറ്റും പിടിച്ചെടുത്തുവെന്നാരോപിച്ച് അപകീര്‍ത്തി പ്രചാരണവും കമ്മീഷന്‍ നടത്തിയിരുന്നു.
ഇതേ കമ്മീഷന്‍ ജബല്‍പൂര്‍ രൂപതയുടെ സ്‌കൂളിലും ഹോസ്റ്റലിലും നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്ക് ശേഷമാണ് ബിഷപ്പ് അല്‍മേദയ്ക്കും ഫാദര്‍ രാജിനുമെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളില്‍ നിന്ന് ഫീസ് പിരിക്കുകയും സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങുകയും ചെയ്തുവെന്നതാണ് വഞ്ചനാക്കുറ്റത്തിന് ആധാരമായി ആരോപിച്ചിരിക്കുന്നത്. എന്നാല്‍, സഭാധികാരികള്‍ ഇതു നിഷേധിച്ചു. ഗ്രാന്റിന് അര്‍ഹതയില്ലാത്ത കുട്ടികളില്‍ നിന്നാണ് ഫീസ് പിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
സ്‌കൂള്‍ നടത്തുന്ന ജബല്‍പൂര്‍ രൂപതാ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാനാണ് ബിഷപ്പ് അല്‍മേദ, ഫാദര്‍ രാജ് ട്രഷററാണ്. സ്‌കൂള്‍ പ്രിന്‍സിപ്പലായ നാം സിംഗ് യാദവ് ഇപ്പോഴും ജയിലിലാണ്. മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി ആരോപിച്ചെങ്കിലും ആ വകുപ്പനുസരിച്ച് കേസെടുത്തിട്ടില്ല.
നേരത്തെ ക്രിസ്മസ് ആഘോഷത്തിന് ഉപയോഗിച്ചിരുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ഭക്തവസ്തുക്കള്‍ എന്നിവ കമ്മീഷന്‍ പിടിച്ചെടുത്തു.
അയല്‍ ജില്ലയിലെ ഒരു സ്‌കൂള്‍ നടത്തുന്ന ജബല്‍പൂര്‍ രൂപതയുടെ തന്നെ മറ്റൊരു വൈദികനായ ഫാ. സിബി നിരപ്പേലിനും സമാനമായ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ മാത്രം നടക്കുന്ന അപ്രതീക്ഷിത പരിശോധനകളും കേസുകളും അറസ്റ്റുകളും പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന ക്രിസ്ത്യന്‍ സ്‌കൂളുകളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മധ്യപ്രദേശിലെ ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നു. മധ്യപ്രദേശിലെ 7.2 കോടി ജനങ്ങളില്‍ 0.29 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍.