
ഹിന്ദുത്വ വര്‍ഗീയവാദികളുടെ തുടര്‍ച്ചയായ അക്രമങ്ങളും ഭീഷണികളും മൂലം മധ്യപ്രദേശിലെ ജാബുവ രൂപതയിലെ പള്ളികള്‍ ഇപ്രാവശ്യം വിശുദ്ധവാരത്തിലെ ചടങ്ങുകള്‍ നടത്താന്‍ പോലീസ് സംരക്ഷണം തേടിയിരുന്നു. സംരക്ഷണം പോലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് വിശുദ്ധവാരത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. പ്രൊട്ടസ്റ്റന്റ് സഭകളും പോലീസ് സംരക്ഷണം തേടിയിരുന്നു. ക്രമസമാധാന നില പാലിക്കാന്‍ ഇന്റലിജെന്‍സ് ഏജന്‍സികളുടെ സഹായവും ലഭിച്ചതായി ജില്ലയിലെ പോലീസ് മേധാവി പറഞ്ഞു.
സമീപകാലത്ത് ഹിന്ദുത്വ വര്‍ഗീയവാദികളുടെ അക്രമങ്ങള്‍ അരങ്ങേറിയ പതിനെട്ടു പള്ളികള്‍ക്കാണ് പ്രധാനമായും പോലീസ് സംരക്ഷണം ഉണ്ടായിരുന്നത്. ആദിവാസികള്‍ക്കു പ്രാമുഖ്യമുള്ള ജാബുവ ജില്ലയിലെ പത്തു ലക്ഷം ജനങ്ങളില്‍ 4 ശതമാനം ക്രൈസ്തവരാണ്. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലുള്ള ഘര്‍ വാപസി എന്ന മതപരിവര്‍ത്തന പരിപാടിയും അതിന്റെ പേരിലുള്ള സംഘര്‍ഷങ്ങളും ഏറ്റവുമധികം നടക്കുന്ന ജില്ലയാണിത്. ആദിവാസി ഭൂമികളിലാണു നിര്‍മ്മിച്ചിരിക്കുന്നതെന്നാരോപിച്ച് ഈ പ്രദേശത്തെ പള്ളികള്‍ പൊളിക്കണമെന്ന ആവശ്യവും ഈ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. പല പള്ളികള്‍ക്കും അവര്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ദിവ്യബലിക്കും പ്രാര്‍ത്ഥനകള്‍ക്കുമായി വിശ്വാസികള്‍ പള്ളികളിലെത്തിയാല്‍ ഉടനെ അതു മതപരിവര്‍ത്തന ചടങ്ങാണെന്ന് ആരോപിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും കേസെടുപ്പിക്കുകയുമാണ് ഹിന്ദുത്വ സംഘടനകള്‍ ഇവിടെ തുടര്‍ന്നു വരുന്ന രീതി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കരിനിയമം എന്ന് ആരോപിക്കപ്പെടുന്ന ഇവിടത്തെ മതപരിവര്‍ത്തനനിരോധന നിയമമുപയോഗിച്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ ധാരാളം കേസുകളും എടുക്കുന്നുണ്ട്.