ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; പുരാതന പള്ളികളുടെ സംരക്ഷണത്തിന് 10 കോടി

Interest-free loans to Christian institutions; Rs 10 crore for preservation of ancient churches
Published on

ചെന്നൈ: ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും വികസനത്തിനായി പ്രത്യേക സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. നിയമസഭയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ മന്ത്രി എ.എം. ഷാജഹാനാണ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചത്.

ക്രിസ്ത്യൻ മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വാണിജ്യ സമുച്ചയങ്ങൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയ വരുമാനദായക സംരംഭങ്ങൾ ആരംഭിക്കുന്നതിന് 100 കോടി രൂപയുടെ പ്രത്യേക റിവോൾവിങ് ഫണ്ട് രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിനായി സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. ഇതുവഴി സ്ഥാപനങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കി സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.

ചരിത്രപരവും പഴക്കമേറിയതുമായ പള്ളികളുടെ അറ്റകുറ്റപ്പണികൾക്കും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഈ സാമ്പത്തിക വർഷം 10 കോടി രൂപയുടെ പ്രത്യേക ഗ്രാന്റും അനുവദിച്ചു. പുനരുദ്ധാരണ വേളയിൽ പള്ളികളുടെ പൈതൃകവും തനിമയും പരമ്പരാഗത നിർമാണ രീതികളും സംരക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.ഇതിനുപുറമെ, തമിഴ്നാട് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുഖേന അടുത്ത നാല് വർഷത്തിനിടെ 10,000 ന്യൂനപക്ഷ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകും. ഐ.ടി., ഓട്ടോമൊബൈൽ, വസ്ത്ര രൂപകൽപ്പന, ബ്യൂട്ടി ആൻഡ് വെൽനസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്.

പദ്ധതിയുടെ പ്രയോജനം ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുവാക്കൾക്കും ലഭിക്കും.വിദ്യാഭ്യാസ, സാമൂഹിക, സേവന മേഖലകളിൽ ക്രിസ്ത്യൻ സമൂഹവും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും വികസനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

logo
Sathyadeepam Online
www.sathyadeepam.org