പുരയിടം തോട്ടമാക്കിയതിനെതിരെ ഇന്‍ഫാം

Published on

തലമുറകളായി കൈവശംവച്ച് കൃഷി ചെയ്ത് അനുഭവിക്കുന്ന പുരയിടങ്ങള്‍ 1989-ലെ റീസര്‍വ്വെയെത്തുടര്‍ന്ന് തോട്ടങ്ങളായി റവന്യൂ രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷകര്‍ സംഘടിച്ചു പ്രതികരിക്കുമെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് മുന്നറിയിപ്പു നല്‍കി.

സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ഈ ജനദ്രോഹനടപടിയിന്മേല്‍ നിലപാട് വ്യക്തമാക്കണം. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 11 വില്ലേജുകളിലാണ് പ്രധാനമായും പുരയിടം തോട്ടമാക്കിയ പ്രശ്നമെങ്കില്‍ മറ്റു വില്ലേജുകളില്‍ റവന്യൂ സര്‍വ്വേ രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പുതിയ സര്‍വ്വേനമ്പര്‍ സൃഷ്ടിച്ച് കര്‍ഷകഭൂമി കൈമാറ്റം ചെയ്തതായി കൃത്രിമരേഖകളുണ്ടാക്കി ഭൂമിതന്നെ നഷ്ടപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെ ജനങ്ങള്‍ നേരിടുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

രണ്ടു താലൂക്കുകളിലായി ഏതാണ്ട് 40,000-ത്തോളം കുടുംബങ്ങളാണ് ഈ ഉദ്യോഗസ്ഥ കൃത്യവിലോപത്തിന് ഇരയായിത്തീര്‍ന്നിരിക്കുന്നത്. പാലാ നിയോജനകമണ്ഡലത്തില്‍തന്നെ ഏതാണ്ട് 17,000- ത്തോളം കുടുംബങ്ങള്‍ ഈ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. 40 വര്‍ഷം മുമ്പ് നടന്ന വന്‍പിഴവ് ഇതുവരെയും തിരുത്താന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിട്ടും ജനപ്രതിനിധികള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് ദുഃഖകരമാണ്.

വില്ലേജ് ഓഫീസില്‍ വസ്തു പേരില്‍ കൂട്ടി കരം അടയ്ക്കുവാന്‍ സാധിക്കുന്നില്ല. വീടുവെയ്ക്കാന്‍ പഞ്ചായത്ത് അനുവാദം നല്‍കുന്നില്ല. ബാങ്ക്ലോണ്‍ എടുക്കാനോ വില്പന നടത്തുമ്പോള്‍ രജിസ്ട്രേഷന്‍ നടത്താനോ സാധിക്കാത്ത വലിയ പ്രതിസന്ധിയാണ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം ജനങ്ങളനുഭവിക്കുന്നത്. ജനങ്ങളെ പിഴിഞ്ഞ് കൈക്കൂലി വാങ്ങലും ഇതിന്‍റെ മറവില്‍ നടക്കുന്നു. അടിയന്തര ഇടപെടല്‍ നടത്തി പരിഹാരമുണ്ടാക്കുന്നതില്‍ ജനകീയ സര്‍ക്കാരും പരാജയപ്പെടുന്നത് അതീവദുഃഖകരമാണ്. കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുവാന്‍ ജനസംരക്ഷകരായ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ശ്രമിക്കുന്നത് ധിക്കാരപരമാണ്.

logo
Sathyadeepam Online
www.sathyadeepam.org