കര്‍ഷക ആത്മഹത്യകളെ സര്‍ക്കാര്‍ നിസ്സാരവത്കരിച്ചാല്‍ സംയുക്ത കര്‍ഷകപ്രക്ഷോഭം: ഇന്‍ഫാം

Published on

കടക്കെണിയും ഉദ്യോഗസ്ഥ പീഡനവും മൂലം കേരളത്തിലെ മലയോര മേഖലകളില്‍ കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ നിസ്സാരവത്കരിക്കുന്നുവെന്നും കര്‍ഷക കടങ്ങളില്‍ മൊറട്ടോറിയമല്ല മറിച്ച് എഴുതിത്തള്ളുകയാണ് വേണ്ടതെന്നും കര്‍ഷകരുടെ ദേശീയ സംഘടനയായ ഇന്‍ഫാം ആവശ്യപ്പെട്ടു.

വയനാട്ടില്‍ വനംവകുപ്പ് കര്‍ഷകരെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കുകയാണ്. കര്‍ഷകരുടെ കൃഷിഭൂമി കയ്യേറുന്ന ക്രൂരതയാണ് വനം-റവന്യൂ വകുപ്പുകള്‍ തുടരുന്നത്. സര്‍ക്കാര്‍ രേഖകളില്‍പോലും കൃത്രിമത്വം കാണിച്ച് കര്‍ഷകപീഡനം തുടരുന്നതിനെ കര്‍ഷകസംഘടനകള്‍ സംഘടിച്ചു നേരിടേണ്ട സ്ഥിതിവിശേഷമാണുള്ളത്. കര്‍ഷക കടങ്ങളില്‍ മൊറട്ടോറിയമേര്‍പ്പെടുത്തുമെന്ന് നിരന്തരമുള്ള പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപടിക്രമങ്ങളില്ലാത്തത് കര്‍ഷകരില്‍ നിരാശയുളവാക്കുന്നു. ഒരു വര്‍ഷത്തേയ്ക്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ പോലും കൃഷിയില്‍നിന്ന് ആദായമെടുത്ത് തിരിച്ചടവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കാവില്ല. കൃഷിയിറക്കാന്‍പോലും പണമില്ലാതെ കര്‍ഷകര്‍ തകര്‍ന്നിരിക്കുമ്പോള്‍ കടമെങ്ങനെ തിരിച്ചടയ്ക്കുമെന്നും സര്‍ക്കാരും ബാങ്ക് അധികൃതരും ഗൗരവമായി ചിന്തിക്കണം. സര്‍ഫാസി ആക്ട് ഉള്‍പ്പെടെ നിയമനടപടികള്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ നേതൃത്വത്തില്‍ സംയുക്ത കര്‍ഷകപ്രക്ഷോഭത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുന്നറിയിപ്പു നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org