മധ്യപ്രദേശില്‍ സഭയുടെ സ്‌കൂള്‍ വര്‍ഗീയവാദികള്‍ ആക്രമിച്ചു

മധ്യപ്രദേശില്‍ സഭയുടെ സ്‌കൂള്‍ വര്‍ഗീയവാദികള്‍ ആക്രമിച്ചു

മധ്യപ്രദേശിലെ കത്തോലിക്കാ സ്‌കൂളിനു നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആക്രമണത്തില്‍ സ്‌കൂളിനു കേടുപാടുകള്‍ പറ്റി. കുട്ടികളെ മതംമാറ്റിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രണ്ടു കിലോമീറ്ററകലെ ഇടവകപ്പള്ളിയില്‍ നേരത്തെ നടന്ന ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ചിത്രങ്ങള്‍ സ്‌കൂളിലെ മതംമാറ്റത്തിന്റേതാണെന്നു സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം ആസൂത്രണം ചെയ്തത്.

വിദിശ ജില്ലയിലെ ഗഞ്ജ് ബസോഡയില്‍ എം എം ബി ബ്രദേഴ്‌സ് നടത്തുന്ന സെ. ജോസഫ്‌സ് സ്‌കൂളിനു നേരെയായിരുന്നു ആക്രമണം. സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസുകാരുടെ പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്ളപ്പോഴാണ് അക്രമികള്‍ കല്ലുകളും വടികളുമായി സ്‌കൂളിലെത്തിയത്.

സോഷ്യല്‍ മീഡിയ പ്രചാരണത്തെയും ആക്രമണത്തെയും കുറിച്ച് നേരത്തെ സൂചന കിട്ടിയ തങ്ങള്‍ പോലീസിനെ വിവരമറിയിച്ചിരുന്നുവെന്നും എന്നാല്‍ സുരക്ഷ നല്‍കുന്നതിനു പോലീസ് തയ്യാറായില്ലെന്നും സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. സംഭവത്തിനു ശേഷം മറ്റു ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org