
ഛത്തീസ്ഗഡില്‍ ഒരു ക്രിസ്ത്യന്‍ പാസ്റ്ററെയും രണ്ടു സഹപ്രവര്‍ത്തകരെയും ഹിന്ദു വര്‍ഗീയവാദികള്‍ ഒരു പോലീസ് സ്റ്റേഷനകത്തു വച്ച് ആക്രമിച്ചു. ഒരാഴ്ചയ്ക്കിടെ ക്രൈസ്തവര്‍ക്കെതിരെ ഛത്തീസ്ഗഡില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. മതംമാറ്റം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് പാസ്റ്റര്‍ ഹാരിഷ് സാഹുവിനെ ബതാഗാവ് പ്രദേശത്തെ പോലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തിയിരിക്കുകയായിരുന്നു. രണ്ടു ക്രൈസ്തവസംഘടനാ നേതാക്കളുമായി പാസ്റ്റര്‍ സ്റ്റേഷനിലെത്തിയ വിവരമറിഞ്ഞ് ഹിന്ദു വര്‍ഗീയവാദികള്‍ സംഘടിച്ച് സ്റ്റേഷനിലെത്തുകയും അവരെ കൈയേറ്റം ചെയ്തു വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
അക്രമത്തെ റായ്പുര്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ ശക്തമായി അപലപിച്ചു. മതംമാറ്റമെന്ന വ്യാജ ആരോപണമുന്നയിച്ച് ആക്രമിക്കുന്നത് ഹിന്ദു വര്‍ഗീയവാദികള്‍ പതിവാക്കിയിരിക്കുകയാണെന്നും ഇതിന് യാതൊരു തെളിവും നല്‍കാന്‍ അവര്‍ക്കു കഴിയാറില്ലെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ കയറാനും നിയമം കൈയിലെടുക്കാനും ഹിന്ദു വര്‍ഗീയവാദികള്‍ക്ക് എന്താണ് അവകാശം? ബി ജെ പി യ്ക്ക് കഴിഞ്ഞ തവണ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ ഇത്തരം അക്രമങ്ങള്‍ നടത്തുന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തു വരുന്നു എന്നതും കാരണമാണ്. – ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. വിവിധ സഭകളില്‍ പെട്ട 25 ക്രൈസ്തവനേതാക്കള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ സന്ദര്‍ശിച്ച് ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി ആര്‍ച്ചുബിഷപ് അറിയിച്ചു.
പാസ്റ്റര്‍ കവാല്‍ സിംഗ് പരസ്‌തെയെ നൂറോളം വരുന്ന ആളുകള്‍ അദ്ദേഹത്തിന്റെ വീടു വളഞ്ഞ് ആക്രമിച്ചത് കഴിഞ്ഞയാഴ്ചയാണ്. കബീര്‍ധാം ജില്ലയില്‍ നടന്ന ഈ സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികള്‍ പാര്‍ക്കുന്ന ഗ്രാമങ്ങളിലേയ്ക്ക് ഇടയ്ക്കിടെ കൂട്ടം ചേര്‍ന്നെത്തി മതംമാറ്റമെന്ന ആരോപണമുന്നയിച്ച് ആക്രമണം നടത്തുന്നത് ഹിന്ദു വര്‍ഗീയവാദികള്‍ പതിവാക്കിയിരിക്കുകയാണെന്ന് ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിസ്ത്യന്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് പാസ്റ്റര്‍ മോസസ് ലോഗന്‍ പറഞ്ഞു.
ഛത്തീസ്ഗഡിലെ 2.3 കോടി ജനങ്ങളില്‍ 98.3 ശതമാനവും ഹിന്ദുക്കളാണ്. ക്രൈസ്തവര്‍ 0.7 ശതമാനം മാത്രമാണ്. മൂന്നു തവണ തുടര്‍ച്ചയായി ബി ജെ പി ഭരിച്ച സംസ്ഥാനത്ത് 2018 ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി.