ഐ എം എസിന്റെ മിഷന്‍ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുമെന്നു പുതിയ സുപീരിയര്‍ ജനറല്‍

ഐ എം എസിന്റെ മിഷന്‍ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുമെന്നു പുതിയ സുപീരിയര്‍ ജനറല്‍

ഉത്തരേന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ കത്തോലിക്കാ സന്യാസസമൂഹമായ ഇന്ത്യന്‍ മിഷണറി സൊസൈറ്റിയുടെ മിഷന്‍ തീക്ഷ്മത വര്‍ദ്ധിപ്പിക്കുന്നതിനും സന്യാസസമൂഹത്തില്‍ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമിക്കുമെന്നു പുതിയ സുപീരിയര്‍ ജനറല്‍ ഫാ. ഫ്രാന്‍സിസ് പ്രസന്ന രാജ് പറഞ്ഞു. ഐ എം എസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ക്രിസ്ത് ഭക്ത സമൂഹത്തെ മുഖ്യധാരയിലേയ്ക്കു കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവില്‍ വിശ്വസിക്കുകയും എന്നാല്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത് ഭക്ത എന്ന പേരില്‍ അറിയപ്പെടുന്നത്. മതംമാറ്റം മൂലമുള്ള അസ്വസ്ഥതകളും വിമര്‍ശനങ്ങളും ഒഴിവാക്കുന്നതിനാണ് ഇവര്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാതിരിക്കുന്നത്. വാരണാസി പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഇവരിലേറെയും ഉള്ളത്.

ഭാരതീയശൈലിയിലുള്ള ക്രൈസ്തവജീവിതം പ്രചരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ ഐ എം എസ്, 1941 ലാണ് ഹൈന്ദവപുണ്യനഗരമായ വാരണാസി ആസ്ഥാനമായി സ്ഥാപിക്കപ്പെട്ടത്. 220 വൈദികരും ഏതാനും ബ്രദര്‍മാരും അംഗങ്ങളായുള്ള ഐ എം എസിന് വാരണാസി, ദല്‍ഹി എന്നീ രണ്ടു പ്രോവിന്‍സുകളും റാഞ്ചി റീജിയനുമാണ് ഉള്ളത്. നാലു രാജ്യങ്ങളിലെ 43 രൂപതകളില്‍ ഇവര്‍ സേവനം ചെയ്യുന്നു.

ഫാ. പ്രസന്നരാജ് തൃശൂര്‍, എടക്കളത്തൂര്‍ സ്വദേശിയാണ്. ഇംഗ്ലണ്ടില്‍ നിന്ന് ഇംഗ്ലീഷി സാഹിത്യത്തിലും റോമില്‍ നിന്നു ബിബ്ലിക്കല്‍ തിയോളജിയിലും ഉന്നത ബിരുദങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം മികച്ച ഭരതനാട്യം നര്‍ത്തകനുമാണ്. ബീഹാറിലും ഉത്തര്‍പ്രദേശിലും ആന്ധ്രാപ്രദേശിലും അമേരിക്കയിലും സേവനം ചെയ്തിട്ടുണ്ട്. ഐ എം എസിന്റെ മൈനര്‍, മേജര്‍ സെമിനാരികളുടെ റെക്ടറായും ദല്‍ഹി പ്രൊവിന്‍ഷ്യലായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മുപ്പതോളം വൈദികര്‍ ഐ എം എസ് വിട്ടു പോകുകയും ആഭ്യന്തര പ്രതിസന്ധികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫാ. പ്രസന്നരാജിന്റെ ഉത്തരവാദിത്വലബ്ധി. ജാര്‍ഖണ്ഡ് സ്വദേശിയായ ഫാ. അലോക് നാഥ് ആണ് അസി. ജനറല്‍. പഞ്ചാബ് സ്വദേശിയായ ഫാ. യേശുദീപ് സന്ധു, മഹാരാഷ്ട്രയിലെ വാസൈ സ്വദേശിയായ ഫാ. ശൈലേന്ദ്ര റൊഡ്രിഗ്, തമിഴ്‌നാട് സേലം സ്വദേശിയായ ഫാ. വിമല്‍ ആരോക്യം എന്നിവരാണു കൗണ്‍സിലര്‍മാര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org