കിഴക്കനിന്ത്യന്‍ സഭ കുടിയേറ്റ ബോധവത്കരണത്തിനൊരുങ്ങുന്നു

മധ്യ-വടക്കുകിഴക്കനിന്ത്യയില്‍ നിന്നുള്ള കുടിയേറ്റം കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച ബോധവത്കരണത്തിനും ചൂഷണത്തിനെതിരായ കര്‍മ്മപദ്ധതികള്‍ക്കും സഭാസംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. സെപ്തംബര്‍ 25 ലെ കുടിയേറ്റദിനാചരണത്തോടനുബന്ധിച്ച് കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ കുടിയേറ്റ കമ്മീഷനും ഈശോസഭയുടെ കുടിയേറ്റസേവനവിഭാഗവും തീരുമാനിച്ചു. ഇതിനൊരുക്കമായുള്ള ഒരു യോഗം ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ഈശോസഭാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ചേര്‍ന്നു.

ജാര്‍ഖണ്ഡിലെയും ചോട്ടാ നാഗ്പൂര്‍ പ്രദേശത്തെയും ആദിവാസിവിഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിനാളുകളാണ് പട്ടിണിയെ തുടര്‍ന്നു വിവിധ പ്രദേശങ്ങളിലേയ്ക്കു തൊഴിലന്വേഷിച്ചു കുടിയേറിപ്പോകുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. വരള്‍ച്ച മൂലമുണ്ടായ കൃഷിനാശത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കുടിയേറ്റം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ പ്രദേശത്തെ എല്ലാ ഇടവകകളിലും കുടിയേറ്റത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനു പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഗ്രാമങ്ങള്‍ വിട്ടു പോകുന്നവരെ കുറിച്ചുള്ള സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കാനും അവര്‍ക്കു സുരക്ഷിതമായ യാത്രകള്‍ ഒരുക്കാനും തൊഴില്‍ തേടി ചെല്ലുന്ന സ്ഥലങ്ങളില്‍ പിന്തുണ നല്‍കാനും സഭ ശ്രമിക്കുന്നുണ്ടെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയ്‌സണ്‍ വടശ്ശേരി പറഞ്ഞു. കുടിയേറ്റക്കാരെ സഹായിക്കുന്നതിനുള്ള ഈശോസഭാ സംഘടന 14 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ ജാര്‍ഖണ്ഡിലെ കത്തോലിക്കാമെത്രാന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്. വീട്ടിലെ പട്ടിണിയെ തുടര്‍ന്നു നാടു വിടുന്നവരുടെ അന്തസ്സും അവകാശങ്ങളും ഉറപ്പിക്കുക സഭയുടെ കടമയാണ്. - അദ്ദേഹം വിശദീകരിച്ചു. സന്യാസസമൂഹങ്ങള്‍ക്കും സന്യസ്തര്‍ക്കും ഇതു സംബന്ധിച്ച പരിശീലനവും ബോധവത്കരണവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വത്തിക്കാന്റെ കുടിയേറ്റ-അഭയാര്‍ത്ഥി വിഭാഗമാണ് ആഗോളതലത്തില്‍ സെപ്തംബര്‍ അവസാന ഞായറാഴ്ച കുടിയേറ്റ ദിനാചരണം നടത്തുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org