ഡെറാഡൂണിൽ ക്രിസ്ത്യൻ കുടുംബത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

ഡെറാഡൂണിൽ ക്രിസ്ത്യൻ കുടുംബത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
Published on

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സ്വന്തം വീട്ടില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്തുകയായിരുന്ന ക്രിസ്ത്യന്‍ കുടുംബത്തിനു നേരെ ഹിന്ദുത്വവാദിക ളുടെ ഒരു സംഘം ആക്രമണം അഴിച്ചുവിട്ടു. 35 കാരിയായ ദീക്ഷ പോളിന്റെ വീടാണ് ആക്രമണത്തിന് വിധേയമായത്. ദീക്ഷയുടെ ഭര്‍ത്താവ് രാജേഷ് ഭൂമി ഒരു പാസ്റ്ററാണ്. ഹരിദ്വാറില്‍ ഒരു ഭക്ഷണശാല നടത്തി ജീവിക്കുന്ന കുടുംബമാണിത്.

ഞായറാഴ്ച ഏതാനും ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ നാലഞ്ചു പേര്‍ ചേര്‍ന്ന് വാതിലില്‍ മുട്ടുകയും അനുവാദം ചോദിക്കാതെ അകത്തേക്ക് കയറി വരികയും കുട്ടികളെ അടക്കം ആക്രമിക്കുകയും ആയിരുന്നുവെന്ന് ദീക്ഷ പോള്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ രക്തം കുടിക്കുന്നവരാണ്, ക്രിസ്ത്യന്‍ സ്ത്രീകള്‍ സിന്ദൂരമണിയുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ സംഘം ഉന്നയിച്ചു. തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്ന ഒരു കുരിശും സംഗീത ഉപകരണവും തകര്‍ത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത് എന്തിനാണെന്ന് ചോദിച്ചും മേലില്‍ പ്രാര്‍ത്ഥന നടത്തരുത് എന്ന് ആവശ്യപ്പെട്ടും അവിടെയുള്ളവരുടെ തലയ്ക്കടിച്ചു. ഒന്നും ആറും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും പരിക്കേറ്റു.

അക്രമി സംഘത്തിന് നേതൃത്വം നല്‍കിയ ദേവേന്ദ്ര ധോപാല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉണ്ടെന്ന് ദീക്ഷ പോള്‍ ചൂണ്ടിക്കാട്ടി. അക്രമികള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് ഡെറാഡൂണിലെ വി എച്ച് പി നേതാവ് വികാസ് വര്‍മ്മ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡില്‍ മതം മാറ്റം ചെറുക്കുന്നതിനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവം നടന്ന വീട്ടില്‍ മതംമാറ്റം ഒന്നും നടക്കുന്നുണ്ടായിരുന്നില്ലെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മതംമാറ്റം നടക്കുന്നുണ്ടെങ്കില്‍ തന്നെ പൊലീസിനെ ആണ് സമീപിക്കേണ്ടത് എന്നും പൊലീസ് അധികാരികള്‍ പറഞ്ഞു. അക്രമത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. അതനുസരിച്ച് നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org