കോളേജിലെ ഉദ്യാനത്തിനു സ്റ്റാന്‍ സ്വാമിയുടെ പേരിടുന്നതിനെതിരെ ഹിന്ദുത്വ വര്‍ഗീയവാദികള്‍

കോളേജിലെ ഉദ്യാനത്തിനു സ്റ്റാന്‍ സ്വാമിയുടെ പേരിടുന്നതിനെതിരെ ഹിന്ദുത്വ വര്‍ഗീയവാദികള്‍

മംഗലാപുരത്തെ ഈശോസഭാ സ്ഥാപനമായ സെ. അലോഷ്യസ് കോളേജ് ക്യാംപസിനുള്ളിലെ ഒരു ഉദ്യാനത്തിനു ഫാ. സ്റ്റാന്‍ സ്വാമിയുടെ പേരിടുന്നതിനെതിരെ കര്‍ണാടകയിലെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ രംഗത്തെത്തി. 'രാജ്യദ്രോഹി'യുടെ പേരിട്ടാല്‍ ശക്തമായ പ്രതിഷേധം കോളേജിനെതിരെ സംഘടിപ്പിക്കുമെന്ന് വി എച്ച് പി, ബജ്രംഗ്ദള്‍, എ ബി വി പി തുടങ്ങിയ സംഘടനകള്‍ പ്രഖ്യാപിച്ചു. ഭീഷണികളെ തുടര്‍ന്ന് പേരിടുന്നത് കോളേജ് അധികാരികള്‍ താത്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. 140 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് മംഗലാപുരത്തെ സെ. അലോഷ്യസ് കോളേജ്.
ഭീകരവിരുദ്ധ നിയമത്തിന്റെ കീഴില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്തയാളാണ് ഫാ. സ്റ്റാന്‍ എന്നു വി എച്ച് പി കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ശരണ്‍ പമ്പ്വെല്‍ കുറ്റപ്പെടുത്തി. പേരിട്ടാല്‍ ഉണ്ടാകാവുന്ന അനിഷ്ടകരമായ സംഭവങ്ങള്‍ക്കു തങ്ങള്‍ ഉത്തരവാദികളായിരിക്കുകയില്ലെന്നും ഉദ്യാനത്തിന് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയോ ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെയോ പേരിടാവുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. എന്നാല്‍, കോടതിയില്‍ തെളിയിക്കപ്പെടാത്ത ഒരു കേസിന്റെ പേരില്‍ ഫാ. സ്റ്റാനിനെ മാവോയിസ്റ്റെന്നു മുദ്ര കുത്തുന്നതും ഉദ്യാനത്തിനു പേരിടുന്നതിനെ എതിര്‍ക്കുന്നതും മര്യാദയല്ലെന്നു ന്യൂഡെല്‍ഹിയിലെ ഈശോസഭാസ്ഥാപനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ഡെന്‍സില്‍ ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി. ആദിവാസികള്‍ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച നിരപരാധിയായ ഫാ. സ്റ്റാനിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ലോകം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org