ബറോഡാ ബിഷപ് അഭിഷിക്തനാകുന്നതോടെ സഹോദരന്മാര്‍ മെത്രാന്മാരെന്ന അപൂര്‍വതയിലേക്ക് ഗോവന്‍ കുടുംബം

ബറോഡാ ബിഷപ് അഭിഷിക്തനാകുന്നതോടെ സഹോദരന്മാര്‍ മെത്രാന്മാരെന്ന അപൂര്‍വതയിലേക്ക് ഗോവന്‍ കുടുംബം

ഗുജറാത്തിലെ ബറോഡ രൂപതാദ്ധ്യക്ഷനായി മാര്‍പാപ്പ നിയമിച്ചിരിക്കുന്ന നിയുക്ത ബിഷപ് സെബസ്റ്റ്യാവോ മസ്‌കരെനാസ് ഫെബ്രുവരി 19 ന് അഭിഷിക്തനാകുന്നതോടെ ജ്യേഷ്ഠനും അനുജനും മെത്രാന്മാരായിരിക്കുകയെന്ന അപൂര്‍വതയും ഇവര്‍ സ്വന്തമാക്കുന്നു. നിയുക്ത ബറോഡാ മെത്രാന്റെ അനുജനാണ് ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്തിയഡോര്‍ മസ്‌കരെനാസ്. അനുജന്‍ എട്ടു വര്‍ഷം മുമ്പാണ് മെത്രാനായി നിയമിക്കപ്പെട്ടത്. അദ്ദേഹം സി ബി സി ഐ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇരുവരും ഒരേ സന്യാസസമൂഹത്തിലെ അംഗങ്ങളാണെന്ന സവിശേഷതയും ഉണ്ട്. ഗോവ ആസ്ഥാനമായുള്ള പിലാര്‍ ഫാദേഴ്‌സ് എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് മിഷണറീസ് ഓഫ് സെ. ഫ്രാന്‍സിസ് സേവ്യര്‍ എന്ന സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറല്‍ കൂടിയാണ് നിയുക്ത ബിഷപ് സെബസ്റ്റ്യാവോ. ഒരാള്‍ക്ക് ബൈബിള്‍ പഠനത്തില്‍ റോമില്‍ നിന്നും അടുത്തയാള്‍ക്ക് ദൈവശാസ്ത്രത്തില്‍ ജര്‍മ്മനിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദങ്ങളുണ്ട്. മെത്രാഭിഷേകവുമായി ബന്ധപ്പെട്ട് സ്വന്തം കുടുംബത്തില്‍ ആഘോഷങ്ങളൊന്നും പാടില്ലെന്നു ഇരുവരും നിര്‍ദേശിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും വേണ്ടിയാണ് തങ്ങള്‍ സേവനം ചെയ്യുന്നതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ബ റോഡയിലെ മെത്രാഭിഷേകചടങ്ങുകളും ലളിതമായിരിക്കും.

ഗോവയിലും മംഗലാപുരത്തും കേരളത്തിലുമുള്ള കത്തോലിക്കാ കുടുംബങ്ങളില്‍ ഉള്ള ഭക്തിയുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷമാണ് തങ്ങളുടെ രണ്ടു പേരുടെയും ദൈവവിളികളുടെ പ്രധാന പ്രചോദനമെന്നും അമ്മയായ മരിയ ബരെറ്റോയോടാണ് ഇക്കാര്യത്തില്‍ തങ്ങള്‍ കൂടുതലും കടപ്പെട്ടിരിക്കുന്നതെന്നും ബിഷപ് സെബസ്റ്റ്യാവോ പറഞ്ഞു.

ഭാരതസഭയില്‍ ഇതിനു മുമ്പ് സഹോദരന്മാര്‍ മെത്രാന്മാരായിരുന്നിട്ടുണ്ട്. പ. ബംഗാളിലെ റായ്ഗഞ്ജ് രൂപതാ മുന്‍ ബിഷപ് അല്‍ ഫോന്‍സസ് എഫ് ഡിസൂസയും ഉത്തര്‍പ്രദേശിലെ ആഗ്ര അതിരൂപതാ മുന്‍ ആര്‍ച്ചുബിഷപ് ആല്‍ബെര്‍ട്ട് ഡിസൂസയുമാണ് അവര്‍. ഒരാള്‍ 2016-ലും ഒരാള്‍ 2020-ലും വിരമിച്ചു. മംഗലാപുരം സ്വദേശികളാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org