ഫാ. കോട്ടായിൽ SJ യുടെ ചരമവാർഷികം ആചരിച്ചു

ഫാ. കോട്ടായിൽ SJ യുടെ ചരമവാർഷികം ആചരിച്ചു
Published on

ഭാരതീയനായ ആദ്യത്തെ ഈശോ സഭാ രക്തസാക്ഷി ഫാദർ ജെയിംസ് കോട്ടായിൽ S.J യുടെ 58-ാം വാർഷികം അച്ചനെ സംസ്കരിച്ച ഇടവകയായ റാഞ്ചിയിലെ മാണ്ടർ ദൈവാലയത്തിൽ ആചരിച്ചു. ഫാദർ ബിപിൻ കുണ്ടുൽനയും അസി.വികാർ ഫാദർ ജോണീഷ് ഗാരിയും നേതൃത്വം നല്കി.

മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ അച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്നിടത്ത് ഛായാചിത്രം കൊത്തിയ ഫലകം ആശീർവദിച്ചു സ്ഥാപിച്ചു. അച്ചൻ രക്തസാക്ഷിത്വം വരിച്ച ഇടവകയായ റാഞ്ചിയിലെ നവാഠാടിൽ ജൂലൈ 16 രാവിലെ 5.30 ക്ക് വാർഷികാചരണം നടന്നു.

വിശുദ്ധ കുർബാനയ്ക്ക് നവാഠാട് ഇടവക വികാരി ഫാദർ സുനിൽ ടോപ്നോയും റാഞ്ചിയിലെ ഹസാരിബാഗ് രൂപതയുടെ സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാദർ ടോമി അഞ്ചു പങ്കിലും കാർമികത്വം വഹിച്ചു. അച്ചൻ രക്തസാക്ഷി മകുടം ചൂടിയ പള്ളിമുറിയുടെ മുമ്പിൽ (ഇപ്പോൾ സെൻറ് ആൻസ് കോൺവൻ്റ്) 1967 ജൂലൈ 30 നു സ്ഥാപിച്ച മെമ്മോറിയൽ സ്ലാബിന് മുമ്പിൽ അച്ചൻ്റെ ഛായചിത്രം കൊത്തിയ ഫലകം ആശീർവദിക്കുകയും ചെയ്തു.

ജെയിംസച്ചൻ്റെ മാതൃ ഇടവകയായ പാലാ രൂപതയിലെ തുരുത്തി സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ജൂലൈ 16-ന് രാവിലെ 6.30 യ്ക്ക് നടന്ന വിശുദ്ധ കുർബാനക്കും ഒപ്പീസിനും ഇടവക വികാരി ഫാ. അഗസ്റ്റിൻ പീടികമലയിൽ, റാഞ്ചി ഡാൽട്ടൻഗഞ്ച് രൂപതയിൽ പ്രവർത്തിക്കുന്ന ഫാ. റെജി പൈമറ്റം CMF എന്നിവർ നേതൃത്വം നൽകി.

കുത്തിയത് ആരാണെന്ന് ചോദിച്ചപ്പോൾ കൊലയാളിയെ അറിയാമായിരിന്നിട്ടും അവരോട് ക്ഷമിച്ച് പേര് വെളിപെടുത്താതെ എൻ്റെ സഹോദരങ്ങളാണെന്ന് പറഞ്ഞ രക്തസാക്ഷിയാണ് ഫാ. ജെയിംസ്. പിന്നീട് ഈ കൊലയാളിക്ക് മാനസാന്തരം വരികയും ചെയ്തു.

ധാരാളം പേർ ജെയിംസച്ചൻ രക്തസാക്ഷിത്വം വരിച്ച റഞ്ചിയിലെ നവാഠാടിലെ മെമ്മോറിയൽ സ്ലാബിൻ്റെ മുമ്പിലും, അച്ചനെ സംസ്ക്കരിച്ച റാഞ്ചിയിലെ മാണ്ടർ പള്ളിയുടെ കല്ലറയിലും, അച്ചൻ്റെ മാതൃ ഇടവകയായ പാലാ രൂപതയിലെ തുരുത്തി പള്ളിയിലെ അച്ചൻ്റെ ഛായാചിത്രം പതിച്ച കൽകുരിശിലും അച്ചൻ്റെ മധ്യസ്ഥതയിൽ പ്രാർഥനയ്ക്കായി എത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org