ഫരീദാബാദ് രൂപതയുടെ വാര്‍ഷികാഘോഷം നവംബര്‍ ആറിന്

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായുള്ള ഫരീദാബാദ് രൂപതയുടെ പത്താം വാര്‍ഷികാഘോഷം നവംബര്‍ ആറിന് നടക്കും. രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന വിശ്വാസമഹോത്സവം 22-ല്‍ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും അല്‍മായരും പങ്കുചേരും. വിശുദ്ധ തോമാശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വം കൂടി ആഘോഷിക്കുന്ന ഈ പരിപാടികളില്‍ ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതി തുടങ്ങി സാമൂഹിക രാഷ്ട്രീയ മുന്‍നിരകളിലുള്ള വ്യക്തികളും പങ്കുചേരുമെന്ന് രൂപത നേതൃത്വം അറിയിച്ചു. അശോക് വിഹാറിലുള്ള സെന്റ് ജൂഡ് ദേവാലയത്തില്‍ നിന്നു വിശ്വാസറാലിയായി മോണ്‍ ഫോര്‍ട്ട് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ എത്തിച്ചേരും. രൂപതയുടെ പത്തുവര്‍ഷത്തെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെ എടുത്തുകാണിക്കുന്ന രീതിയിലുള്ള നിശ്ചലദൃശ്യങ്ങളും വിവിധ ഇടവകകള്‍ റാലിയില്‍ ക്രമീകരിക്കുന്നുണ്ട്. തുടര്‍ന്നുള്ള പരിപാടികളെല്ലാം അശോകവിഹാര്‍ മോണ്‍ ഫോര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരിക്കും. പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ജോസഫ് വലിയവീട്ടില്‍ (കൃപാസനം ഡയറക്ടര്‍) വചനപ്രഘോഷണത്തിന് നേതൃത്വം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, വികാരി ജനറാള്‍ മോണ്‍. ജോസഫ് ഓടനാട്ട്, ഫാ. ഡേവിസ് കള്ളിയത്ത് പറമ്പില്‍, ഫാ. ബാബു ആനിത്താനം, ഫാ.മാത്യു ജോണ്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേരടങ്ങുന്ന 15 കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org