ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4-ന് ദക്ഷിണ യെമനിലെ ഏഡനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാലാ രാമപുരം സ്വദേശിയും സലേഷ്യന്‍ സഭാംഗവുമായ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. വത്തിക്കാന്‍റെ അഭ്യര്‍ത്ഥനപ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് യെമനില്‍ നിന്ന് ഫാ. ടോമിനെ മോചിപ്പിച്ചത്. അദ്ദേഹത്തിന്‍റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍സമിതിയും പരിശ്രമിച്ചു വരികയായിരുന്നു.

യെമനില്‍ നിന്ന് മസ്ക്കറ്റിലെത്തിയ ഫാ. ടോം പിന്നീട് റോമിലേക്കു പോയി. വത്തിക്കാനില്‍ മാര്‍പാപ്പയെയും സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറലിനെയും സന്ദര്‍ശിച്ചു. മോചനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഫാ. ടോം ദൈവത്തിനു നന്ദി പറഞ്ഞു. തന്‍റെ മോചനത്തിനായി പ്രയത്നിച്ച ഒമാന്‍ സര്‍ക്കാരിനോടും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച സകലരോടുമുള്ള കൃതജ്ഞതയും അദ്ദേഹം പങ്കുവച്ചു. നടക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെങ്കിലും പൊതുവേ ക്ഷീണിതനായ ഫാ. ടോമിന് ആരോഗ്യം വീണ്ടെടുക്കാന്‍ ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് സഭാവൃത്തങ്ങള്‍ സൂചിപ്പിച്ചു. വി. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹം ഏഡനില്‍ നടത്തിയിരുന്ന വൃദ്ധസദനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആക്രമണം നടക്കുമ്പോള്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലയായിരുന്നു തെക്കന്‍ യെമന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org