ഫാ. എം കെ ജോര്‍ജ് ഈശോസഭയുടെ റീജണല്‍ അസിസ്റ്റന്റ്
ഫാ. എം.കെ. ജോര്‍ജ് (ഫാ. ജോര്‍ജ് മുത്തോളില് ) ഈശോസഭയുടെ ദക്ഷിണേഷ്യയിലെ റീജണല്‍ അസിസ്റ്റന്റായി നിയമിതനായി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈശോ സഭ ജനറല്‍ ഫാ. മര്സലിനോ സോസ നടത്തി. ഫാ. ലിസ്ബര്ട്ട് ഡിസൂസ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് ഫാ. ജോര്‍ജ് നിയമിക്കപ്പെടുന്നത്. ഈശോ സഭയുടെ റീജണല്‍ അസിസ്റ്റന്റുമാര്‍ സഭയുടെ കൗണ്സലറുമാരുമായിരിക്കും. അസിസ്റ്റന്‍സി എന്ന പേരില്‍ ഭൂപ്രദേശാടിസ്ഥാനത്തില്‍ തിരിച്ചിട്ടുള്ള സ്ഥലങ്ങളെ സംബന്ധിച്ച് ഉപദേശനിര്‍ദ്ദേശങ്ങള്‍ ജനറലിനു കൈമാറുക എന്ന ഉത്തരവാദിത്വമാണ് റീജണല്‍ അസിസ്റ്റന്റുമാര്ക്കുള്ളത്. ഈശോ സഭയ്ക്ക് ലോകമാകെ ഏഴു റീജണല്‍ അസിസ്റ്റന്സികളാണുള്ളത്. ഇതില്‍ ഏറ്റവും വലുതാണ് ദക്ഷിണേഷ്യ. കേരളത്തിലെ ഈശോസഭയുടെ പ്രൊവിന്‍ഷ്യലാണ് ഫാ. എം.കെ. ജോര്‍ജ്. 2009 മുതല്‍ ആറു വര്‍ഷക്കാലം ബാംഗ്ലൂര്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം കേരള യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ഗൈഡാണ്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.