മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ കള്ളക്കേസുകളും പീഡനങ്ങളും കൂടുന്നു

മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ കള്ളക്കേസുകളും പീഡനങ്ങളും കൂടുന്നു
Published on

മതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ഹിന്ദുത്വവാദികളുടെ അതിക്രമങ്ങളും പോലീസിന്റെ കള്ളക്കേസുകളും പതിവാകുന്നതിനാല്‍ മധ്യപ്രദേശില്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ നടത്തുക ദുഷ്‌കരമാകുന്നതായി വിവിധ ക്രൈസ്തവനേതാക്കള്‍ പറഞ്ഞു. ക്രൈസ്തവരെ ഭയപ്പെടുത്തുക എന്നതാണ് ഹിന്ദുത്വവാദികള്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രമെന്നു കത്തോലിക്കാസഭയുടെ വക്താവ് ഫാ. മരിയ സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.
ഒക്‌ടോബര്‍ 31 നു സാത്‌നയില്‍ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ പോലീസിന്റെ അറസ്റ്റിലും ജയില്‍ വാസത്തിലും നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. 65 പേര്‍ ഒന്നിച്ചു കൂടിയ പ്രാര്‍ത്ഥനാഹാളിലേയ്ക്ക് ഹിന്ദുത്വ സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ രഹസ്യമായി കയറുകയും തന്നെ മതം മാറ്റാന്‍ ശ്രമിച്ചെന്നു പരാതിപ്പെടുകയുമായിരുന്നു. സംഘടനാനേതാക്കാള്‍ പോലീസുമായി സ്ഥലത്തെത്തിയെങ്കിലും പരാതിക്കാരന്‍ ഹാളില്‍ അതിക്രമിച്ചു കയറിയതാണെന്നു വ്യക്തമായതിനാല്‍ കേസ് ഒഴിവാക്കപ്പെട്ടു. സമാനമായ ഒരു സംഭവത്തില്‍ സെപ്തംബറില്‍ രണ്ടു പാസ്റ്റര്‍മാരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ രണ്ടാഴ്ച ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുകയും ചെയ്തു. ഇനി മുതല്‍ അപരിചിതരെ പ്രാര്‍ത്ഥനാഹാളുകളില്‍ പ്രവേശിപ്പിക്കരുതെന്നും എല്ലാവരുടെയും പേരുവിവരങ്ങള്‍ എഴുതി വയ്ക്കണമെന്നും ഈ സഭകള്‍ തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശിലെ മതപരിവര്‍ത്തന നിയമം ഭേദഗതി ചെയ്ത് കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മതപരിവര്‍ത്തനനിരോധന നിയമം നാലു പതിറ്റാണ്ടുകളായി സംസ്ഥാനത്തുണ്ടെങ്കിലും, പത്തു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായ വ്യവസ്ഥകള്‍ ഇപ്പോഴത്തെ ഭേദഗതിയോടെയാണു നിലവില്‍ വന്നത്. തുടര്‍ന്ന്, ഹിന്ദുത്വസംഘടനകള്‍ ഇതനുസരിച്ചുള്ള കേസുകള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു വരികയാണ്. ഹിന്ദു മതത്തിലേയ്ക്കുള്ള മാറ്റം ഈ നിയമത്തിന്റെ പരിധിയില്‍ വരികയുമില്ല.
ഭേദഗതി നിലവില്‍ വന്ന ജനുവരിയില്‍ തന്നെ ഹിന്ദുത്വവാദികള്‍ ഒരു പ്രാര്‍ത്ഥനാഹാളില്‍ അതിക്രമിച്ചു കയറുകയും ഒമ്പതു പേരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഒരു ക്രിസ്ത്യന്‍ കല്യാണവീട്ടില്‍ കയറി വിരുന്ന് അലങ്കോലമാക്കുകയും വധു ഹിന്ദുവാണെന്നാരോപിച്ച് പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തു. പുതിയ മതപരിവര്‍ത്തനവിരുദ്ധ നിയമം വന്നതോടെ ക്രൈസ്തവരും മുസ്ലീങ്ങളും എപ്പോള്‍ വേണമെങ്കിലും കെണിയിലകപ്പെടാമെന്ന സ്ഥിതി വന്നിരിക്കുന്നതായി ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു.
മധ്യപ്രദേശിലെ 7.1 കോടി ജനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണു ക്രൈസ്തവര്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org