

ക്രൈസ്തവസഭ നടത്തുന്ന വിദ്യാലയങ്ങളെ ദോഷകരമായി ബാധിക്കുന്ന വിവേചനാപരമായ വിദ്യാഭ്യാസ നയങ്ങളെ തിരുത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച കത്തോലിക്കാമെത്രാന്‍ സംഘം ആവശ്യപ്പെട്ടു. മദ്രാസ് മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആന്റണി സ്വാമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തമിഴ്‌നാട് കത്തോലിക്കാമെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനാണ് മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ്.
2016 ലെ തമിഴ്‌നാട് സ്വകാര്യ സ്‌കൂള്‍ റെഗുലേഷന്‍ ആക്ടിന് 2023 ല്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ചട്ടങ്ങള്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ നിരവധി നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടെന്ന് തമിഴ്‌നാട് മെത്രാന്‍ സംഘത്തിന്റെ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. അന്തോണി സ്വാമി സോളമന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സ്‌കൂള്‍ തുടങ്ങണമെങ്കില്‍ ഗവണ്‍മെന്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുവാദം ആവശ്യമാണ്.
അതിന് ഒരു തുക സമാഹരിക്കുകയും സ്റ്റാഫിന് രണ്ടുമാസം ശമ്പളം കൊടുക്കാനുള്ള തുക മുന്‍കൂര്‍ നിക്ഷേപിക്കുകയും വേണം. അധ്യാപകരുടെ ആഭ്യന്തര സ്ഥലംമാറ്റങ്ങള്‍ക്കും അധ്യാപക വിദ്യാര്‍ഥി അനുപാതത്തിനും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പാഠപുസ്തകങ്ങളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെയുള്ള അനേകം സൗജന്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ കടുത്ത വിവേചനം നേരിടുകയാണ്.
സഭാസ്ഥാപനങ്ങളില്‍ പഠിക്കുന്ന ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. സഭയുടെ സ്‌കൂളുകളില്‍ ഭൂരിപക്ഷവും ദുര്‍ഗമങ്ങളായ ഗ്രാമങ്ങളിലാണ്. ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഇല്ലാത്ത വളരെ ദരിദ്രമായ പ്രദേശങ്ങളില്‍ സഭ നിരവധി വിദ്യാലയങ്ങള്‍ തമിഴ്‌നാട്ടില്‍ നടത്തുന്നുണ്ട്. വിവേചനാപരമായ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നില്ലെങ്കില്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാലയങ്ങള്‍ നടത്തിക്കൊണ്ടു പോവുക ദുഷ്‌കരമായി തീരുമെന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വളരെ സൗഹാര്‍ദപരമായിരുന്നു വെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പ്രതിനിധി സംഘം അറിയിച്ചു. തമിഴ്‌നാട്ടിലെ 7.6 കോടി ജനങ്ങളില്‍ ആറ് ശതമാനമാണ് ക്രൈസ്തവര്‍.