ദളിത് ക്രൈസ്തവ വിഭാഗങ്ങളിലെ വനിതകള്‍ക്കായി സംഘടന

ദളിത് ക്രൈസ്തവ വിഭാഗങ്ങളിലെ വനിതകള്‍ക്കായി സംഘടന
Published on

ദളിത് ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളുടെ ശക്തീകരണവും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് "ദളിത് ക്രിസ്ത്യന്‍ വിമന്‍ ഫോര്‍ ചെയ്ഞ്ച് " എന്ന സംഘടന രൂപീകരിച്ചു. വിവേചനങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതികരിക്കാനുള്ള ദളിത് ക്രൈസ്തവ വനിതകളുടെ കൂട്ടായ്മയാണിതെന്ന് സംഘടനയുടെ പ്രസിഡന്‍റ് ഇസബെല്ല സേവ്യര്‍ പറഞ്ഞു. ഫെ ബ്രുവരി 13-ന് ബാംഗ്ലൂരിലാണ് ദേശീയ തലത്തിലുള്ള ഈ സംഘടനയ്ക്കു രൂപം നല്‍കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദളിത് വനിതകള്‍ പങ്കെടുത്തു. സിബിസിഐയുടെ ദളിതര്‍ക്കു വേണ്ടിയുള്ള കമ്മീഷനാണ് സമ്മേളനം സംഘടിപ്പിച്ചത്.
ദളിതര്‍, വിശേഷിച്ചും ദളിത് സ്ത്രീകള്‍, അവഗണിക്കപ്പെട്ട് വ്യക്തിത്വമില്ലാത്തവരായി പരിഗണിക്കപ്പെടുകയാണെന്നും സഭയില്‍ നിന്നുപോലും അവരെ പുറംതള്ളുകയാണെന്നും ഇസബെല്ല സേവ്യര്‍ ചൂണ്ടിക്കാട്ടി. പലതരം വിവേചനങ്ങളും പീഡനങ്ങളുമാണ് ദളിതര്‍ ഇന്നും നേരിടുന്നത്. ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അവര്‍ക്കു വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നു. ചിലയിടങ്ങളില്‍ സിമിത്തേരിയില്‍ പോലും അവര്‍ക്ക് പ്രത്യേകം സ്ഥലമാണ് നല്‍കിയിരിക്കുന്നതെന്നും ഇസബെല്ല ആരോപിച്ചു.
ദളിത് ക്രൈസ്തവ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അവരുടെ പുതിയ സംഘടന ഒരു സ്വതന്ത്ര സംഘടനയാണെന്നും എന്നാല്‍ സഭ അതിനു പിന്തുണ നല്‍കുന്നുണ്ടെന്നും സിബിസിഐയുടെ ദളിതര്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറി ഫാ. ദേവസഹായ രാജ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org