കോവിഡ്: ഇന്ത്യയെ തിരുഹൃദയത്തിനും മാതാവിനും സമർപ്പിക്കുന്നു

കോവിഡ്: ഇന്ത്യയെ തിരുഹൃദയത്തിനും മാതാവിനും സമർപ്പിക്കുന്നു

കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയെ യേശുവിന്റെ തിരുഹൃദയത്തിനും മറിയത്തിന്റെ വിമലഹൃദയത്തിനും സമർപ്പിക്കാൻ കത്തോലിക്കാ സഭ തീരുമാനിച്ചു. കോവിഡ്-19 മഹാമാരിയിൽ മരണമടഞ്ഞ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ സംഘം ഇറക്കിയ സന്ദേശത്തിലാണ്, രാജ്യത്തെ ജനങ്ങളെ യേശുവിന്റെയും പരിശുദ്ധ അമ്മയുടെയെയും സംരക്ഷണത്തിന് സമർപ്പിക്കാനുള്ള തീരുമാനം അറിയിച്ചത്. ഡൽഹി അതിരൂപതയുടെ മെത്രാപ്പോലീത്തായും, ഇന്ത്യയിലെ ലത്തീൻമെത്രാന്മാരുടെ കൂട്ടായ്മയുടെ ജെനെറൽ സെക്രെട്ടറിയുമായ, ആർച്ചുബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോ ആഗസ്റ്റ് 7 ന് ഈ സമർപ്പണത്തിന് അധ്യക്ഷത വഹിക്കും.

ഓഗസ്റ്റ് 7 ശനിയാഴ്ച പ്രത്യേക പ്രാർത്ഥനാദിനമായി മെത്രാന്മാർ നേര്തതെ പ്രഖ്യാപിച്ചിരുന്നു. അന്നു വൈകിട്ട്  8 .30 മുതൽ 9 .30 വരെ ഇന്ത്യയിൽ വിവിധയിടങ്ങളിലായി പ്രാർത്ഥന നടത്താനും തീരുമാനമായിരുന്നു. വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ മദർ തെരേസ എന്നിവരുടെ ശവകുടീരങ്ങളിലും, മുംബൈയിലെ ബാന്ദ്ര, ഉത്തർപ്രദേശിലെ മീററ്റിൽ ഉള്ള സാർഥന, ഹൈദരാബാദ്, ബംഗളൂരുവിലെ ശിവാജിനഗർ, തമിഴ്‌നാട്ടിലെ വേളാങ്കണ്ണി എന്നീ മരിയൻ ബസിലിക്കകളിലും ആണ് പ്രത്യേകമായി പ്രാർത്ഥന നടക്കുക. പ്രാർത്ഥനയുടെ ചടങ്ങുകൾ ഇന്ത്യയിലെ എല്ലാ കത്തോലിക്കാ ടെലിവിഷൻ ചാനലുകളിലും ഇൻറർനെറ്റിലൂടെയും പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്.

മലയാളം, ഹിന്ദി, തമിഴ്, ഖാസി, തെലുഗു, കന്നഡ, സന്താളി എന്നിങ്ങനെ ഏഴു ഭാഷകളിലാണ് പ്രാർത്ഥനകൾ നടക്കുക. കോവിഡ് പകർച്ചവ്യാധി പടരുന്നത് തടയുന്നതിനുവേണ്ടിയുള്ള മുൻകരുതലുകളും ആരോഗ്യനിയന്ത്രണങ്ങളും മൂലം സാധാരണ രീതിയിൽ ശവസംസ്കാരച്ചടങ്ങുകൾ ലഭ്യമാകാതിരുന്ന എല്ലാ മരിച്ചവർക്കുവേണ്ടിയും അന്നേദിവസം പ്രത്യേകമായി പ്രാർത്ഥന നടത്തും.

എല്ലാവരോടും പ്രത്യേകിച്ച് ഇന്ത്യയിലുള്ള എല്ലാ കുടുംബങ്ങളോടും, സമർപ്പിതസമൂഹങ്ങളോടും, പ്രാർത്ഥനകളിൽ പങ്കുചേരാനും, അവ വിദേശങ്ങളിൽ താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാനും ഭാരതത്തിലെ ലത്തീൻമെത്രാൻസംഘം ആഹ്വാനം ചെയ്തു. ഇത്, 132 രൂപതകളും ഏതാണ്ട് 18 ദശലക്ഷം കത്തോലിക്കാവിശ്വാസികളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാസഭയുടെ കത്തോലിക്കാ, സാംസ്കാരിക, ഭാഷാ വൈവിധ്യത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു സംഭവമായിരിക്കുമെന്നും മെത്രാൻസംഘം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ മൂന്നു കോടിയിലധികം കോവിഡ് രോഗബാധിതരുണ്ട്. ഔദ്യോഗികകണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം,  ഏതാണ്ട് നാലേകാൽ ലക്ഷത്തോളം ആളുകൾക്കാണ് കോവിഡ് മഹാമാരി മൂലം മരണപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org