വിവാദപ്രസംഗം: തമിഴ് വൈദികന്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി, വിധിന്യായവും വിവാദമായി

വിവാദപ്രസംഗം: തമിഴ് വൈദികന്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി, വിധിന്യായവും വിവാദമായി

പ്രസംഗത്തിലൂടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കത്തോലിക്കാ വൈദികന്‍ വിചാരണ നേരിടണമെന്നു തമിഴ്‌നാട് ഹൈക്കോടതി വിധിച്ചു. കന്യാകുമാരി ജില്ലയിലെ കുഴിത്തുറ രൂപതാ വൈദികനായ ഫാ. ജോര്‍ജ് പൊന്നയ്യ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ ഒരു പ്രസംഗമാണ് വിവാദമായത്. പരാതിയെ തുടര്‍ന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്നു. പിന്നീടു ജാമ്യം നേടിയ പുരോഹിതന്‍ വിവാദപരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു ചോദിച്ചെങ്കിലും കേസ് തുടരുകയായിരുന്നു. കോവിഡ് മൂലം പള്ളികള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിലാണ് ഫാ. പൊന്നയ്യ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളെയും ഭരണകക്ഷികളെയും വിമര്‍ശിച്ചത്. കൂടെ, ഹിന്ദുമതത്തിനെതിരായ പരാമര്‍ശങ്ങളും ഉണ്ടായിരുന്നുവെന്നാണു കേസ്.

വൈദികന്റെ പ്രസംഗം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നു ജസ്റ്റിസ് ജി ആര്‍ വിശ്വനാഥന്‍ വിധിന്യായത്തില്‍ പറയുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ മിഷണറിമാരുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ്, ഭൂപ്രദേശം ബ്രിട്ടീഷുകാരില്‍ നിന്നു വീണ്ടെടുക്കുവാന്‍ കഴിഞ്ഞുവെങ്കിലും ആത്മാക്കളെ ശത്രുവിനു വിട്ടുകൊടുക്കേണ്ടി വന്നു, മഹാത്മാഗാന്ധിയും വീര സവര്‍ക്കറും യോജിച്ച ഒരഭിപ്രായമാണിത്, ഗോവയില്‍ സെ. സേവ്യര്‍ ക്രൂരമായ വിധത്തില്‍ ഹിന്ദു ആരാധാനാലയങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്തു, അതേസമയം കന്യാകുമാരി ജില്ലയില്‍ അദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു, ഇസ്ലാമിക ശക്തികളും സുവിശേഷപ്രവര്‍ത്തകരും തിരഞ്ഞെടുപ്പു കാലത്ത് ദേശീയവാദികളെ തോല്‍പിക്കുവാനായി ഒരുമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളും വിധിന്യായത്തിലുണ്ട്.

അനേകായിരം ശ്രോതാക്കളുള്ള കരിസ്മാറ്റിക് പ്രഭാഷകനും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് കൗണ്‍സില്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമാണ് ഫാ. ജോര്‍ജ് പൊന്നയ്യ. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ സഭയുടെ നിലപാടല്ലെന്നു കുഴിത്തുറ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് ആന്റണി പപ്പുസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org