ഛത്തീസ്ഗഡിലെ സ്‌കൂളുകളില്‍ ഹൈന്ദവ പ്രാർഥനകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധം

Published on

ഛത്തീസ്ഗഡിലെ എല്ലാ വിദ്യാലയങ്ങളിലും രാവിലെ പഠനം തുടങ്ങുന്നതിനു മുന്‍പും ഉച്ചഭക്ഷണത്തിനും മുന്‍പും ഹൈന്ദവ പ്രാർഥനകള്‍ ചൊല്ലണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 12-ന് പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെ വിവിധ മതസംഘ ടനകളും മതേതര സംഘടനകളും രംഗത്തെത്തി. പഠനം തുടങ്ങുന്ന തിനു മുന്‍പ് സരസ്വതി, ഗായത്രി ദേവിമാരോടുള്ള പ്രാർഥന ചൊല്ലണമെന്നും ദീപ പ്രജ്വലന്‍ എന്ന പേരില്‍ ദീപം തെളിക്കണമെന്നുമാണ് സര്‍ക്കുലറില്‍ നിർദേശിച്ചിട്ടുള്ളത്.

ഉച്ചഭക്ഷണത്തിനു മുന്‍പ് ഭോജന്‍ മന്ത്ര എന്ന സംസ്‌കൃത പ്രാർഥന ചൊല്ലണമെന്നും നിര്‍ദ്ദേ ശിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ബൗദ്ധിക വികാസത്തിനും അവരില്‍ ഭാരതീയ സാംസ്‌കാരിക പാരമ്പര്യങ്ങളും മൂല്യങ്ങളും വളര്‍ത്തു ന്നതിനുമാണ് ഇതെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ പറയുന്നത്.

പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ സര്‍ക്കുലറിനെതിരെ രംഗത്തു വന്നു. സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളുടെ മതേതര സ്വഭാവത്തെ ലംഘിക്കുന്നതാണ് ഈ സര്‍ക്കുലര്‍ എന്ന് കോൺ ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പ്രസ്താവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്‌കൂളുകളെ സരസ്വതി ശിശുമന്ദിറുകള്‍ ആക്കാനാണ് ബിജെപിയുടെ നീക്കം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ്സിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളാണ് സരസ്വതി ശിശുമന്ദിറുകള്‍. സ്‌കൂളുകളില്‍ എല്ലാ മത ജാതി വിഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ഛത്തീസ്ഗഡിലെ വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണ ത്തിനുള്ള നീക്കമാണെന്ന് പുരോഗമന ക്രൈസ്തവസഖ്യം എന്ന സംഘടനയുടെ കോഡിനേറ്ററായ പാസ്റ്റര്‍ സൈമണ്‍ ദിഗ്ബാല്‍ ടാന്‍ഡി കുറ്റപ്പെടുത്തി. ഒരു ജനാധിപത്യ മതേതര സമൂഹത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങളും പ്രാർഥനകളും അടിച്ചേല്‍പ്പിക്കുവാന്‍ ഒരു സര്‍ക്കാരിന് എങ്ങനെ സാധിക്കും എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ കര്‍ശനമായി നടപ്പാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തിന് വിരുദ്ധമാണ് സര്‍ക്കുലര്‍. ബലം, പ്രലോഭനം, പ്രേരണ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മതം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാക്കു ന്നതാണ് ഈ നിയമം. ഈ സാഹചര്യത്തില്‍ ഹൈന്ദവപ്രാർഥനകള്‍ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും ചൊല്ലണമെന്ന നിര്‍ദ്ദേശം ഇതേ നിയമത്തിന്റെ ലംഘനം ആകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

logo
Sathyadeepam Online
www.sathyadeepam.org