ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയ്‌ക്കെതിരെ ഇ ഡി റെയിഡും അന്വേഷണവും

ഒ എം എന്ന പേരില്‍ പ്രസിദ്ധമായ (ഓപറേഷന്‍ മൊബിലൈസേഷന്‍) അന്താരാഷ്ട്ര ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയുടെ ഹൈദരാബാദിലെ ഓഫീസില്‍ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡു നടത്തുകയും അന്വേഷണങ്ങളാരംഭിക്കുകയും ചെയ്തു. വിദേശനാണ്യവിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നുമുള്ള ആരോപണം ഇ ഡി ഉന്നയിച്ചിട്ടുണ്ട്. തെളിവുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ബിനാമി കമ്പനികളുടെ പണമിടപാടുരേഖകളും പിടിച്ചെടുത്തതായും ഇ ഡി അറിയിച്ചു. ആകെ 300 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം.

പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായാണ് ഒ എം ചാരിറ്റീസ് പണം സമാഹരിക്കുന്നത്. ഇന്ത്യയില്‍ ഗുഡ് ഷെപ്പേഡ് എന്ന പേരില്‍ നിര്‍ധനര്‍ക്കായുള്ള നൂറോളം സ്‌കൂളുകള്‍ ഇവര്‍ നടത്തുന്നുണ്ട്. എന്നാല്‍ കുട്ടികളില്‍ നിന്നു ഫീസ് പിരിക്കുന്നതായും നിരവധി സ്ഥാവരസ്വത്തുക്കള്‍ സംഘടന സ്വന്തമാക്കിയതായും ഇ ഡി ആരോപിക്കുന്നു. ഗണ്യമായ തുകകള്‍ സ്ഥിരനിക്ഷേപമായി ഇട്ടിട്ടുണ്ട്. ബൈബിള്‍ സംബന്ധമായ പുസ്തക പ്രസാധനവും വിതരണവുമാണ് ഒ എം ചാരിറ്റീസിന്റെ ഒരു പ്രധാന പ്രവര്‍ത്തനമേഖല. സംഘടനയുടെ ഭാരവാഹികള്‍ ഗോവ ആസ്ഥാനമായുള്ള ചില വ്യാജകമ്പനികളുടെ കണ്‍സല്‍ട്ടന്റുമാരായി ജോലി ചെയ്യുന്നുവെന്ന പേരില്‍ ശമ്പളം പറ്റുന്നതായും ഈ ഡി ആരോപിക്കുന്നു. കേരളത്തിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളുമുണ്ട്. 1950 കളില്‍ ലാറ്റിനമേരിക്കയില്‍ സ്ഥാപിതമായ ഓപറേഷന്‍ മൊബിലൈസേഷന്‍ സുവിശേഷപ്രഘോഷണത്തിനായി നൂറ്റമ്പതിലേറെ രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അ യ്യായിരത്തിലധികം പേര്‍ ഇതില്‍ ജോലി ചെയ്യുന്നു.

കേന്ദ്രത്തിലെ ബി ജെ പി ഗവണ്‍മെന്റ് ക്രിസ്ത്യന്‍ സംഘടനകള്‍ക്കെതിരെ നടത്തുന്ന വൈരനിര്യാതനപരമായ നടപടികളുടെ ഭാഗമാണ് ഈ അന്വേഷണവുമെന്ന് ചില നിരീക്ഷകര്‍ കരുതുന്നു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 16,000 സന്നദ്ധസംഘടനകള്‍ക്ക് വിദേശത്തു നിന്നു സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് എടുത്തു കളഞ്ഞിട്ടുണ്ട്. ഇതില്‍ നിരവധി ക്രിസ്ത്യന്‍ ജീവകാരുണ്യസംഘടനകളും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org