
ഹൈന്ദവരുടെ ദീപാവലി ആഘോഷത്തിനു ക്രൈസ്തവര്‍ ഉദാരമായി സംഭാവനകള്‍ നല്‍കിയത് ഒഡിഷയിലെ മതസൗഹാര്‍ദ്ദത്തിന് ഉണര്‍വു നല്‍കിയതായി സഭാ നേതാക്കള്‍ പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും ദീപാവലി ആഘോഷിക്കുവാന്‍ നാട്ടുകാരുടെ സംഘാടകസമിതികളുണ്ടാക്കുന്നതു പതിവാണ്. പിരിവുകളും അവര്‍ നിശ്ചയിക്കാറുണ്ട്.
കട്ടക്ക് നഗരത്തിലെ ഒരു സമിതി അവിടത്തെ പ്രദേശവാസികള്‍ക്ക് മുന്നൂറു രൂപയും വാടകയ്ക്കു താമസിക്കുന്നവര്‍ക്ക് 500 രൂപയും കുടിയേറ്റക്കാര്‍ക്ക് 2000 രൂപയുമാണ് സംഭാവന നിശ്ചയിച്ചത്. സന്തോഷത്തോടെയാണ് ഈ തുകകള്‍ തങ്ങള്‍ നല്‍കിയതെന്ന് കട്ടക്കില്‍ കുടിയേറിയ കത്തോലിക്കനായ ലാസറസ് ബേജ് പറയുന്നു. സുന്ദര്‍ഗഡ് ജില്ലയില്‍ നിന്നു നാല്‍പതു വര്‍ഷം മുമ്പ് നഗരത്തിലെത്തിയ അദ്ദേഹത്തിനു 2000 രൂപയാണു നല്‍കേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ അയല്‍പ്രദേശത്ത് ഇപ്രകാരം കുടിയേറിയ 50 കത്തോലിക്കാ കുടുംബങ്ങളുണ്ട്. കട്ടക്കിലെ കത്തീഡ്രല്‍ ഇടവകയില്‍ 300 കത്തോലിക്കാ കുടുംബങ്ങളുണ്ട്. ഇവരില്‍ ഭൂരിപക്ഷവും മറ്റു ജില്ലകളില്‍ നിന്നു കുടിയേറി യവരാണ്. 2008 ലെ കാന്ധമാല്‍ കലാപത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് നഗരത്തിലേക്കു രക്ഷപ്പെട്ടു വന്ന കത്തോലിക്കാ കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. അവരും ദീപാവലി ആഘോഷങ്ങള്‍ക്കു സംഭാവനകള്‍ നല്‍കി. മര്‍ദ്ദനത്തിനും ജീവാപായ ഭീഷണികള്‍ക്കും വേദനയ്ക്കുമെല്ലാം ഇരയായെങ്കിലും ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ ശിഷ്യനെന്ന നിലയില്‍ താനൊരു വിരോധവും മനസ്സില്‍ സൂക്ഷിക്കുന്നില്ലെന്നു നഗരത്തില്‍ കൂലിപ്പണിയെടുത്തു ജീവിക്കുന്ന രഞ്ജിത് പ്രധാന്‍ എന്ന കത്തോലിക്കാ വിശ്വാസി പറഞ്ഞു. പ്രധാനും ദീപാവലി ആഘോഷങ്ങള്‍ക്കു സംഭാവന നല്‍കുകയും പങ്കാളിയാകുകയും ചെയ്തു.
ഹൈന്ദവ ആഘോഷങ്ങളോടു സഭ എപ്പോഴും സഹകരിക്കുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ടെന്നു റൂര്‍ക്കല രൂപതയിലെ ഫാ. ഗുല്‍ഷാന്‍ എക്ക പറഞ്ഞു. വിവിധ സഭാവിഭാഗങ്ങളിലായി 12 ലക്ഷം ക്രൈസ്തവരാണ് ഒഡിഷയിലുള്ളത്.