ചിങ്ങം ഒന്ന് കര്‍ഷക കണ്ണീര്‍ദിനമായി പ്രതിഷേധിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

ചിങ്ങം ഒന്ന് കര്‍ഷക കണ്ണീര്‍ദിനമായി പ്രതിഷേധിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധതയ്ക്കും ഉദ്യോഗസ്ഥരുടെ കര്‍ഷക പീഢനത്തിനുമെതിരെ ചിങ്ങം ഒന്നിന് കര്‍ഷക കണ്ണീര്‍ദിനമായി പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.

കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമേകുവാന്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍വക കര്‍ഷക ദിനാചരണം കര്‍ഷകര്‍ ബഹിഷ്‌കരിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനസമിതി ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഉദ്യോഗസ്ഥരും വന്യമൃഗങ്ങളും സംയുക്തമായി മനുഷ്യജീവന്‍ അപഹരിക്കുന്ന നാട്ടില്‍ കര്‍ഷകന് ഭീകരദിനങ്ങളാണ് വിധിക്കപ്പെട്ടിരിക്കുന്നത്. വിലത്തകര്‍ച്ച, പ്രളയം, കടക്കെണി, വന്യമൃഗശല്യം, കൃഷിനാശം എന്നിങ്ങനെ കര്‍ഷകജീവിതം ദുഃഖദുരിതമായിട്ടും പ്രഖ്യാപനങ്ങള്‍ നടത്തി സര്‍ക്കാരുകളും ജനപ്രതിനിധികളും കൃഷിക്കാരെ വിഢികളാക്കുകയാണ്. 10,000 രൂപ കര്‍ഷകപെന്‍ഷന്‍ 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടും നടപ്പിലായിട്ടില്ല. കാര്‍ഷികമേഖലയൊന്നാകെ കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങളും ഗ്രാമീണകര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുമെന്നും ഇതിനെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിക്കണമെന്നും വി.സി.സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.

ചിങ്ങം ഒന്നായ ഓഗസ്റ്റ് 17ന് കേരളത്തിലെ ആയിരം കേന്ദ്രങ്ങളിലും പതിനായിരം കുടുംബങ്ങളിലും കണ്ണീര്‍ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ പ്രതിഷേധ ഉപവാസം നടത്തും. സംസ്ഥാന ജില്ലാതല നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മദ്ധ്യപ്രദേശ്) കര്‍ഷക കണ്ണീര്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമെന്നും ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org