കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതിനെ സി ബി സി ഐ സ്വാഗതം ചെയ്തു

വിവാദമായ മൂന്നു കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ കത്തോലിക്കാ മെത്രാന്‍ സംഘം സ്വാഗതം ചെയ്തു
Published on

വിവാദമായ മൂന്നു കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ കത്തോലിക്കാ മെത്രാന്‍ സംഘം സ്വാഗതം ചെയ്തു. കര്‍ഷകരുടെയും രാജ്യത്തിന്റെയാകെയും താത്പര്യങ്ങള്‍ക്കു സഹായകരമാണ് ഈ തീരുമാനമെന്നു സി ബി സി ഐ തൊഴില്‍ കാര്യാലയത്തിന്റെ ചെയര്‍മാന്‍ ബിഷപ് അലക്‌സ് വടക്കുംതല പ്രസ്താവിച്ചു.

കര്‍ഷകസംഘടനകള്‍ ഈ നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ ഒന്നാം വാര്‍ഷികപരിപാടികള്‍ സംഘടിപ്പിക്കാനിരിക്കെയാണ്, കര്‍ഷകസമൂഹത്തോടു ക്ഷമ ചോദിച്ചുകൊണ്ട് വിവാദനിയമങ്ങള്‍ പിന്‍വലിച്ചത്. ഒരു വര്‍ഷം നീണ്ട സമരത്തിനിടെ എഴുനൂറോളം കര്‍ഷകരാണ് ജീവന്‍ വെടിഞ്ഞത്.

കര്‍ഷകരുടെ മനസ്ഥൈര്യമാണ് ഒടുവില്‍ വിജയിച്ചതെന്നു ബിഷപ് വടക്കുംതല ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പിടിവാശി കാണിക്കാതിരിക്കുകയും നിയമങ്ങള്‍ കൊണ്ടു വരുന്നതിനു മുമ്പ് കര്‍ഷകരോട് ആലോചിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കര്‍ഷകര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. കര്‍ഷകരാണു നമ്മുടെ നാടിന്റെ നട്ടെല്ല്. പ്രകൃതിദുരന്തങ്ങളോ പകര്‍ച്ചവ്യാധിയോ മൂലം ജീവന്‍ നഷ്ടപ്പെടുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണം - ബിഷപ് വടക്കുംതല ആവശ്യപ്പെട്ടു.

ആഴമേറിയ പഠനം നടത്താതെ നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു സി ബി സി ഐ നീതി-സമാധാന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജെരാള്‍ഡ് അല്‍മെയ്ദ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ ഒരിക്കലും കര്‍ഷകര്‍ക്കു ന്യായമായ വില നല്‍കാറില്ല എന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്കു മാരകമായ ആഘാതമേല്‍പിക്കുന്നതായിരുന്നു പിന്‍വലിച്ച നിയമങ്ങള്‍. വിളകള്‍ക്കു സുസ്ഥിര വില ലഭിക്കുമ്പോള്‍ മാത്രമേ കര്‍ഷകര്‍ക്കു പ്രയോജനം ലഭിക്കുകയുള്ളൂ, സര്‍ക്കാരിനു മാത്രമേ ഇത് ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. -മധ്യപ്രദേശിലെ ജബല്‍പുര്‍ രൂപതാദ്ധ്യക്ഷനായ ബിഷപ് അല്‍മെയ്ദ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org